വെള്ളറട: സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കുന്നത്തുകാല്‍ ചാവടി നരിയൂര്‍ കരുണാലയം വീട്ടില്‍ സുരേഷിന്റെ ഭാര്യ അക്ഷര(36)യാണ് മരിച്ചത്. യുവതിയ്ക്ക് രണ്ട് മക്കളുണ്ട്. നാറാണിയിലെ ഒരു തുണിക്കട ജീവനക്കാരിയാണ് യുവതി. സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായിട്ടാണ് തന്നെ കാണാനെത്തിയ സുഹൃത്തിനെ ഒരു സംഘം മര്‍ദിച്ചത്.
അവിഹിതബന്ധം ആരോപിച്ച് സംഘം ഭാര്യയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും സുരേഷ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് കുന്നത്തുകാല്‍ സ്വദേശി അക്ഷര വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സദാചാരഗുണ്ടായിസം ആണ് അക്ഷരയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന വെളിപ്പെടുത്തലുമായി സുരേഷ് രംഗത്ത് വന്നത്.
വ്യാഴാഴ്ച രാത്രി തന്നെ കാണാനായി ഒരു സുഹൃത്ത് വീട്ടിലേക്ക് വന്നിരുന്നു. തന്നെ ഫോണില്‍ വിളിച്ച സുഹൃത്തിനോട് താന്‍ വീട്ടില്‍ ഇല്ലെന്നും മടങ്ങിയെത്താന്‍ വൈകും എന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സുഹൃത്ത് മടങ്ങുന്ന വേളയിലാണ് ഒരുസംഘം സദാചാര ഗുണ്ടകള്‍ സുഹൃത്തിനെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചത്. പിന്നീട് അവര്‍ സുഹൃത്തിനെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു വന്നു. അക്ഷരയെ അസഭ്യം പറഞ്ഞു. സുഹൃത്തും അക്ഷരയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് ആയിരുന്നു സംഘത്തിന്റെ ആക്ഷേപം.
തുടര്‍ന്ന് കടുത്ത മാനസിക പീഡനമാണ് അക്ഷരയ്ക്ക് സംഘത്തിന്റെ ഭാഗത്തുനിന്ന് നേരിടേണ്ടിവന്നതെന്നും സുരേഷ് പറയുന്നു. ഇതേ തുടര്‍ന്നാണ് യുവതി തീകൊളിത്തിയത്. അക്ഷരയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും.