ശ്രീനിവാസന്റെ കൊലപാതകം: ബൈക്കിന്റെ ഉടമയായ സ്ത്രീയെ ചോദ്യം ചെയ്തു

പാലക്കാട്: മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെത്തിയ ബൈക്കുകളില്‍ ഒന്നിന്റെ ഉടമയായ സ്ത്രീയെ പോലീസ് ചോദ്യം ചെയ്തു. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പോലീസ് ചോദ്യം ചെയ്യല്‍. എന്നാല്‍, ബൈക്കിന്റെ ആര്‍സി മാത്രമേ തന്റെ പേരില്‍ ഉള്ളെന്നും ബൈക്ക് ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമായിരുന്നു ഇവരുടെ മൊഴി.

ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം കടയില്‍ കയറി വെട്ടിക്കൊല്ലുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളില്‍ പ്രതികളുടെ മുഖം വ്യക്തമല്ലെങ്കിലും ബൈക്കുകളില്‍ എത്തുന്നതും കടയിലേക്കു കയറുന്നതുമൊക്കെ കാണാം. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിലൂടെ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ആറു പേര്‍ മൂന്നു വാഹനങ്ങളിലായി ശ്രീനിവാസന്റെ കടയില്‍ എത്തിയെന്നും മൂന്നു പേര്‍ കടയ്ക്കുള്ളില്‍ കയറി ശ്രീനിവാസനെ ആക്രമിച്ചെന്നുമാണ് പോലീസ് പറയുന്നത്. ശ്രീനിവാസന്‍ മേലാമുറിയിലെ എസ്‌കെ ഓട്ടോസ് സ്ഥാപനമുടമയാണ്. കടയ്ക്കുള്ളില്‍ ഇരിക്കവേയാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്. വാളുകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News