അച്ഛനെയും മകളേയും മോഷ്ടാക്കളായി ചിത്രീകരിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ ആറ്റിങ്ങല്‍ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി. സിവില്‍ പോലീസ് ഓഫീസര്‍ രജിതയെയാണ് പിങ്ക് പോലീസില്‍ നിന്ന് സ്ഥലം മാറ്റിയത്.

റൂറല്‍ എസ്പി ഓഫീസിലേക്കാണ് ഇവരെ മാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആറ്റിങ്ങള്‍ ഡിവൈ എസ്പി റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറിയിട്ടുണ്ട്. രജിതക്കെതിരെ നടപടിക്ക് ശിപാര്‍ശയെന്നാണ് സൂചന. ആറ്റിങ്ങലില്‍ വെള്ളിയാഴ്ച ഐഎസ്ആര്‍ഒക്ക് വേണ്ടിയെത്തിച്ച സാധന സാമഗ്രികളുടെ വാഹനം കാണാന്‍ റോഡരുകില്‍ നില്‍ക്കവെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ തോന്നയ്ക്കല്‍ സ്വദേശിയായ രാജേന്ദ്രനും മകളും കാറില്‍ നിന്നും മോഷ്ടിച്ചെന്നാരോപിച്ചാണ് ഇരുവരെയും പരസ്യമായി അധിക്ഷേപിച്ചത്.

തങ്ങള്‍ ഫോണ്‍ എടുത്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നു രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഒടുവില്‍ മൊബൈല്‍ ഫോണ്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കാറിനകത്ത് അവരുടെ ബാഗില്‍ നിന്നും കിട്ടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News