ബംഗളൂരു: ഫേസ്ബുക്കിലെ പരസ്യം വിശ്വസിച്ച സ്ത്രീക്ക് നഷ്ടമായത് 50,000 രൂപ. ബംഗളുരുവിലുള്ള 58 കാരിയായ സവിത ശര്‍മയാണ് കബളിപ്പിക്കപ്പെട്ടത്. ഫേസുബിക്കില്‍ കണ്ട വ്യാജ പരസ്യം വിശ്വസിച്ചതോടെയാണ് പണം നഷ്ടമായത്. ഫേസ്ബുക്ക് ഫീഡില്‍ വന്ന ഭക്ഷണത്തിന്റെ പരസ്യം കണ്ടാണ് സവിത ശര്‍മ ഓര്‍ഡര്‍ നല്‍കിയത്. 250 രൂപയ്ക്ക് രണ്ട് ഭക്ഷണം എന്നായിരുന്നു ഓഫര്‍. പരസ്യത്തില്‍ കണ്ട നമ്പരില്‍ വിളിച്ച് സ്ത്രീ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.
അഡ്വാന്‍സ് ആയി പത്ത് രൂപ നല്‍കാനും ഭക്ഷണം ലഭിച്ച ശേഷം ബാക്കി പണം നല്‍കാനുമായിരുന്നു ലഭിച്ച നിര്‍ദേശം. ഇതിനായി മൊബൈല്‍ നമ്പരിലേക്ക് പൂരിപ്പിക്കാന്‍ ഒരു ഫോമും അയച്ചു. ഇതില്‍ ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ സവിത ശര്‍മ നല്‍കുകയും ചെയ്തു.
ഫോം പൂരിപ്പിച്ച് നല്‍കി സെക്കന്റുകള്‍ക്കുള്ളില്‍ അക്കൗണ്ടില്‍ നിന്നും 49,996 രൂപ പിന്‍വലിച്ചതായി മെസേജ് വരികയായിരുന്നു. ഉടനെ തന്നെ നേരത്തേ വിളിച്ച നമ്പരിലേക്ക് വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നായിരുന്നു ലഭിച്ച മറുപടി. പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.