ദിസ്പുര്‍: അസമിലെ വനിതാ നേതാവ് അങ്കിത ദാസ് നല്‍കിയ പരാതിയെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരേ കേസെടുത്ത് പോലീസ്. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്.
ദിസ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ അങ്കിത ദത്ത ബുധനാഴ്ചയാണ് പരാതി നല്‍കിയത്. മജിസ്‌ട്രേട്ടിന് മുന്നിലും അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ശ്രീനിവാസ് തന്നോട് ലിംഗവിവേചനം കാട്ടിയെന്നും തന്നെ ഭീഷണിപ്പെടുത്താന്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നും അങ്കിത ആരോപിച്ചിട്ടുണ്ട്.
പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ അങ്കിത, അസം
പി.സി.സി. മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന്‍ ദത്തയുടെ മകളുമാണ്.
അതിനിടെ അങ്കിതയുടെ ആരോപണങ്ങള്‍ തള്ളി അസം പ്രദേശ് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. അതിനിടെ തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ബി.ജെ.പിയും അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശര്‍മയുമാണെന്നാണ് ശ്രീനിവാസ് ആരോപിക്കുന്നത്. ഹിമന്ദ വിശ്വ ശര്‍മയ്‌ക്കൊപ്പം അങ്കിത നില്‍ക്കുന്ന ഫോട്ടോ യൂത്ത് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ശാരദ ചിട്ടിഫണ്ട് കുംഭകോണം, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അങ്കിതയുടെ പേര് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇതേത്തുടര്‍ന്ന് അവര്‍ ഹിമന്ദ ബിശ്വ ശര്‍മയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ അങ്കിതയ്ക്കയച്ച വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.
അതിനിടെ, അങ്കിതയെ പിന്‍തുണച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ രംഗത്തെത്തി. അങ്കിതയെ അസമിന്റെ മകളെന്ന് വിശേഷിപ്പിച്ച അദ്ദേഹം അവര്‍ ഉന്നയിച്ച പരാതികള്‍ കോണ്‍ഗ്രസ് ഉടന്‍ പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടു. പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.