ഫ്ലോറിഡ: ചീങ്കണ്ണികളും മുതലകളും മനുഷ്യരെ പതിയിരുന്ന് ആക്രമിക്കാറുണ്ട്. അതുപോലെ തടാകക്കരയിൽ നായയുമായി നടക്കാൻ പോയ സ്ത്രീക്കും ചീങ്കണ്ണിയുടെ ആക്രമത്തിൽ ജീവൻ നഷ്ടപ്പെട്ടു. യുഎസ്സിലെ ഫ്ലോറിഡയിലാണ് സംഭവം. വൈൽഡ്‍ലൈഫ് ക്യാമറയിൽ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
ഒരു അയൽക്കാരിയാണ് അക്രമിക്കപ്പെടുന്ന സ്ത്രീയെ കണ്ടതും രക്ഷിക്കാൻ ശ്രമിച്ചതും. അവർ എമർജൻസി നമ്പറിലേക്ക് വിളിച്ചു. പക്ഷേ, അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടു. ഗ്ലോറിയ സെർജ് എന്ന 85 -കാരിയാണ് പത്തടി നീളമുള്ള ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഗ്ലോറിയ തന്റെ നായയായ ട്രൂപ്പറിനെ ചീങ്കണ്ണിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ട്രൂപ്പർ രക്ഷപ്പെട്ടു എങ്കിലും ഗ്ലോറിയയ്ക്ക് ജീവൻ നഷ്ടപ്പെട്ടു.
വൈൽഡ്‍ലൈഫ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആരേയും ഭയപ്പെടുത്തുന്നതാണ്. നായയുമായി തടാകക്കരയിലൂടെ നടക്കുകയാണ് സ്ത്രീ. അപ്പോഴാണ് ചീങ്കണ്ണി നായയെ കടിച്ച് വലിക്കുന്നത്. ചീങ്കണ്ണിയുടെ പിടിയിൽ നിന്നും നായയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു ഗ്ലോറിയ. എന്നാൽ, ചീങ്കണ്ണി ഗ്ലോറിയയെ പിടിച്ചുവലിച്ച് വെള്ളത്തിലേക്ക് പോയി.
അവരുടെ അയൽവാസിയായ 76 -കാരി കരോൾ തോമസ് ഇത് കണ്ടു, അവർ ഭയന്നു പോയി. അവർ ആദ്യം അവളെ രക്ഷിക്കാൻ ശ്രമിക്കുകയും പിന്നാലെ അവർ 911 -ലേക്ക് വിളിക്കുകയും ചെയ്തു. തടാകത്തിൽ ഒരു സ്ത്രീയെ മുതല പിടിച്ചിരിക്കുന്നു എന്നും പറഞ്ഞ് ഫോണിലൂടെ അവർ ഒച്ചവെച്ചു. എന്നാൽ, പിന്നെ നോക്കിയപ്പോൾ ഗ്ലോറിയയെ കാണാൻ ഇല്ലായിരുന്നു. പിന്നാലെ, ദൈവമേ അവൾ പോയി എന്നാണ് തോന്നുന്നത് എന്നും പറഞ്ഞ് കരോൾ കരയാനും തുടങ്ങി.
പിന്നീട് തടാകത്തിൽ നിന്നും ഗ്ലോറിയയുടെ മൃതദേഹം കണ്ടെത്തി. പിന്നാലെ, വളർത്തുമൃഗങ്ങളുമായി തടാകക്കരയിലേക്ക് പോകരുത് എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ജൂലൈ മുതലിങ്ങോട്ട് ഇത് മൂന്നാമത്തെയാളാണ് ഫ്ലോറിഡയിൽ ചീങ്കണ്ണിയുടെ ആക്രമത്തിൽ കൊല്ലപ്പെടുന്നത്.