തൃശൂർ: റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകി ഇതര സംസ്ഥാന യുവതി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ 10.30 ഓടെയാണ് സംഭം. ജന്മനാടായ സെക്കന്ദരാബാദിലേക്ക് പോകാനായി എത്തിയ ജിസ്മി ബീഗമാണ് റെയിൽവേ സ്റ്റേഷനിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്റ്റേഷന്‍റെ പിൻഭാഗത്ത് രണ്ടാം ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത് സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തി എങ്കിലും പ്രസവം പൂർത്തിയായിരുന്നു
ഇന്ന് രാവിലെ 10: 30 മണിയോടെ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എക്സലേറ്ററിന്റെ സമീപത്തുവെച്ചാണ് പൂർണ ഗർഭിണിയായ സ്ത്രീയെ അവശനിലയിൽ യാത്രക്കാരും റെയിൽവേ ജീവനക്കാരും കാണുന്നത്. ജിസ്മി ഗർഭിണിയാണെന്നും പ്രസവ വേദനയാണെന്നും തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലെത്തിക്കാനായി ആംബുലൻസ് സേവനം തേടി. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുമ്പ് യുവതി പ്രസവിച്ചു.
ഒരു യുവതി പ്രസവ വേദനയോടെ കിടക്കുന്നു എന്ന് ക്ലീനിങ്ങ് സ്റ്റാഫ് അറിയിച്ചതിന് പിന്നാലെയാണ് തൃശൂര്‍ പൊലീസ് സ്റ്റേഷനിലെ എഐസ്ഐ അജിതകുമാരിയുടെ നേതൃത്വത്തില്‍ ആര്‍പിഎഫ് എസ്ഐ ഗീതു കൃഷ്ണനും പൊലീസുകാരായ രേഷ്മയും അര്‍ഥനയും അങ്ങോട്ട് പാഞ്ഞത്. റെയിൽവേ പൊലീസ് എസ് ഐമാരായ മനോജ്, സജി ശ്രീരാജ് എന്നിവരും സഹായത്തിനെത്തി.
ഓട്ടത്തിനിടയില്‍ പൊലീസുകാർ ആംബുലന്‍സും വിളിച്ചിരുന്നു. യുവതിക്കരികിലെത്തി കൂടിനിന്ന ആളുകളെ മാറ്റുമ്പോഴേക്കും പ്രസവം തുടങ്ങിയിരുന്നു. ക്ലീനിങ് സ്റ്റാഫിലെ വിജിതകുമാരിയുടെ നേതൃത്വത്തില്‍ കുഞ്ഞിനെ പുറത്തെടുത്തു. മലപ്പുറം ജില്ലയിൽ ജോലി ചെയ്യുന്ന ജിസ്മിയുടെ ഭര്‍ത്താവിനെ ആസുപത്രിയിലേക്ക് വിളിച്ചുവരുത്തി. അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയില്‍ സുഖമായിരിക്കുന്നു.