കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ള കുടുംബാംഗങ്ങള്‍ക്ക് വെന്റിലേറ്ററിന് വേണ്ടി ട്വിറ്ററില്‍ ഫോണ്‍ നമ്പര്‍ സഹിതം പോസ്റ്റിട്ട ചെയ്ത യുവതിയ്ക്ക് ലൈംഗികാവയവത്തിന്റെ ചിത്രം അയച്ച് നല്‍കി നാട്ടുകാരായ പുരുഷന്മാര്‍. കഴിഞ്ഞ ആഴ്ചയാണ് മുംബൈ സ്വദേശിനിയായ ശിവ പോസ്റ്റിട്ടത്.
കൊവിഡ് സ്വന്തം കുടുംബത്തില്‍ വരുമ്പോള്‍ മാത്രമേ അതിന്റെ കാഠിന്യം മനസ്സിലാകൂവെന്ന് ശിവ പറയുന്നു. രോഗം പിടിപെട്ട കുടുംബാംഗങ്ങള്‍ക്ക് വെന്റിലേറ്ററിന്റെ ആവശ്യം വന്നു. ഈ പശ്ചാത്തലത്തിലാണ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടത്.
പോസ്റ്റിന് ഫലമുണ്ടായി. 6 മണിക്കൂര്‍ കൊണ്ട് വെന്റിലേറ്റര്‍ സംഘടിപ്പിക്കാന്‍ ആയി. പിന്നാലെ കുടുംബത്തിലെ ചിലര്‍ക്ക് പ്ലാസ്മയുടെ ആവശ്യവും വന്നു. ഇത്തവണയും ട്വിറ്ററില്‍ പോസ്റ്റ് ഇട്ടു. സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ചില വ്യക്തികള്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ഉണ്ടായി.
പിന്നീടങ്ങോട്ട് ശിവയുടെ നമ്പറിലേക്ക് കോളുകളുടെ പ്രവാഹമായിരുന്നു. ചിലര്‍ സഹായം വാഗ്ദാനം ചെയ്താണ് വിളിച്ചതെങ്കില്‍ മറ്റുചിലരുടെ ആവശ്യം വേറെ ചിലതായിരുന്നു. ചിലര്‍ക്ക് അറിയേണ്ടത് വിവാഹിതയാണോ എന്നതായിരുന്നു. ചിലര്‍ പ്രൊഫൈല്‍ ചിത്രത്തെ അഭിനന്ദിച്ചു.
ചിലരാകട്ടെ സ്വന്തം ലൈംഗികാവയവങ്ങളുടെ ചിത്രങ്ങള്‍ അയച്ചു. പിന്നീടങ്ങോട്ട് വീഡിയോ കോളുകളുടെയും വാട്‌സാപ്പ് മെസ്സേജുകളുടെയും പ്രളയമായിരുന്നു എന്ന് ശിവ പറയുന്നു. ഒരിക്കലും നിങ്ങളുടെ ഫോണ്‍ നമ്പര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യരുത്, ശിവ മുന്നറിയിപ്പു നല്‍കുന്നു.