ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

അലഹബാദ്: ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. യുവതിയുടെ കുടുംബമാണ് ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തുടര്‍ന്ന് ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടല്‍ സംബന്ധിയായ ബുദ്ധിമുട്ടുകളോടെ ശനിയാഴ്ചയാണ് യുവതിയെ മോത്തിലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിന്റെ ഭാഗമായ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച രാത്രി തന്നെ യുവതിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയെ ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് സംസാരിക്കാന്‍ കഴിയാതെ വന്ന യുവതി ഒരു കടലാസില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പീഡനത്തിന് ഇരയായ വിവരം കുറിയ്ക്കുകയായിരുന്നുവെന്നാണ് സഹോദരന്‍ പരാതിയില്‍ വ്യക്തമാക്കിയത്.

എന്നാല്‍ ആരോപണത്തില്‍ വസ്തുതയില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അഞ്ചംഗ സമിതി അന്വേഷണം നടത്തുമെന്നും രോഗിയുടെ മെഡിക്കല്‍ പരിശോധനയടക്കം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News