ട്രെയിനിനുള്ളില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച സംഭവം; യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയം

വഡോദര: ഗുജറാത്തില്‍ 18 കാരിയെ ട്രെയിനിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയങ്ങളുമായി വഡോദര പോലീസ്. പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പോലീസ് സംശയിക്കുന്നു. വഡോദരയില്‍ നിന്നും ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയാവും ബലാത്സംഗത്തിനിരയായതെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പീഡന സംശയത്തില്‍ എത്തിയത്. വഡോദരയില്‍ നിന്നും തന്നെ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടി ഡയറിയില്‍ എഴുത്തിരുന്നു. ഓട്ടോറിക്ഷയില്‍ എത്തിയവരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും, കണ്ണുകള്‍ മൂടിയ ശേഷമാണ് സംഭവം നടന്നതെന്നും യുവതി എഴുതി. ഒറ്റപ്പെട്ട സ്ഥലത്ത് എത്തിച്ചെങ്കിലും ആരോ വരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപെട്ടു എന്നും പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു.

തെക്കന്‍ ഗുജറാത്തിലെ നവസാരി സ്വദേശിനിയും കോളജ് വിദ്യാര്‍ത്ഥിയുമായ പെണ്‍കുട്ടിയുടെ മൃതദേഹം നവംബര്‍ 4 നാണ് ക്വീന്‍ എക്സ്പ്രസിന്റെ കോച്ചില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പോലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News