കോട്ടയത്ത് ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍

കോട്ടയം: മണര്‍കാട് ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് മാലം ചിറയില്‍ വീട്ടില്‍ ബിനുവിന്റെ ഭാര്യ അര്‍ച്ചന രാജ് (24) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ഇന്നലെ രാവിലെ 11.30 ഓടെ അര്‍ച്ചന ബാത്ത്റൂമിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍, ബാത്ത് റൂമിനുള്ളില്‍ വീണതാണെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞതെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ മണര്‍കാട് പോലീസില്‍ പരാതി നല്‍കി.

സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും നിരന്തരം യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. മണര്‍കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പായിരുന്നു കിടങ്ങൂര്‍ സ്വദേശിയായ അര്‍ച്ചനയും ബിനുവും തമ്മിലുള്ള വിവാഹം. മകള്‍: ഒന്നരവയസുള്ള ഹൃതിക. കിടങ്ങൂര്‍ നെടുമങ്ങാട് രാജു ലത ദമ്പതികളുടെ മകളാണ് അര്‍ച്ചന. സഹോദരങ്ങള്‍: അഞ്ജു, അക്ഷയ. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കിടങ്ങൂര്‍ വീട്ടുവളപ്പില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News