കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. ഇന്ന് രാവിലെ ഇവിടെ നിന്നു കടന്നുകളഞ്ഞ സ്ത്രീ കഴിഞ്ഞിരുന്നത് കഴിഞ്ഞ ദിവസം കൊല നടന്ന സെല്ലില്‍. സെല്ലിന്റെ ചുമര് തുറന്നാണ് ഇവര്‍ പുറത്ത് കടന്നത്. ഈ സ്ത്രീയെ കൂടാതെ മറ്റൊരു പുരുഷനും ഇവിടെ നിന്നും രക്ഷപെട്ടിട്ടുണ്ട്.
കുളിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇവരെ കണ്ടെത്താന്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരുടെ കുറവിനെക്കുറിച്ച് സന്ദര്‍ശനത്തിനിടെ കമ്മീഷന്‍ പരാമര്‍ശം നടത്തിയിരുന്നു.
അന്തേവാസിയുടെ കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനോടും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മാനസികാരോഗ്യ കേന്ദ്ര സൂപ്രണ്ടിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
അന്തേവാസികളെ പരിചരിക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ചകള്‍ സംഭവിച്ചോയെന്നും കമ്മീഷന്‍ പരിശോധിക്കും.ബുധനാഴ്ച വൈകീട്ടാണ് മഹരാഷ്ട്ര സ്വദേശിനിയായ ജിയോ റാം ലോട്ടിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹ അന്തേവാസിയാണ് യുവതിയെ കൊലപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് ജിയോ റാം മരിച്ച വിവരം മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. ജിയോ റാമിന്റെ മരണത്തെ കുറിച്ച് അഡിഷണല്‍ ഡിഎംഒയുടെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.