CrimeKeralaNews

സ്വന്തം പൊക്കം പോലുമില്ലാത്ത ജനലില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍, ഇടുക്കിയില്‍ ഭര്‍ത്താവ് കുടുങ്ങിയതിങ്ങനെ

കട്ടപ്പന:ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മരിച്ച കേസിലാണ് ഭര്‍ത്താവ് അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു(27) അറസ്റ്റിലായത്.

മാര്‍ച്ച് 29നു പുലര്‍ച്ചെയാണ് ധന്യയെ മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടില്‍ മുറിയിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അമല്‍ പുലര്‍ച്ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവര്‍ക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്.

27 പവന്റെ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും നല്‍കി 2019 നവംബര്‍ 9ന് ആയിരുന്നു ധന്യയുടെ വിവാഹം നടത്തിയത്. കൂടാതെ അമലിന് മാല, കൈച്ചെയിന്‍ തുടങ്ങിയവയും വീട്ടിലേക്കുള്ള ഫര്‍ണിച്ചറും നല്‍കിയിരുന്നു. നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വര്‍ഷ ബിഎസ്സി മാത്തമാറ്റിക്‌സ് വിദ്യാര്‍ഥിനിയായിരുന്നു അപ്പോള്‍ ധന്യ. വിവാഹശേഷം അമല്‍ മര്‍ദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളില്‍ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞതായി പിതാവ് ജയപ്രകാശ് ഓര്‍ക്കുന്നു.

മരിക്കുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞും ധന്യ വിളിച്ചപ്പോള്‍ അമല്‍ മര്‍ദിച്ചതായി പറഞ്ഞതിനെത്തുടര്‍ന്ന് പിറ്റേന്നു നേരിട്ടു ചെന്ന് മകളെ കൂട്ടിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ തയാറെടുത്തിരിക്കെയായിരുന്നു മരണം.

മകളുടെ പൊക്കം പോലും ഇല്ലാത്ത ജനലില്‍ തൂങ്ങിമരിച്ചു എന്ന വാദവും മര്‍ദനത്തെക്കുറിച്ചുള്ള അറിവും കാരണം ജയപ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി, ഉപ്പുതറ എസ്എച്ച്ഒ ആര്‍.മധു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ധന്യയ്ക്ക് ശാരീരിക-മാനസിക പീഡനം ഏറ്റിരുന്നതായി കണ്ടെത്തിയത്.

അറസ്റ്റിലായ അമലിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് അമലിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തി ഗാര്‍ഹിക പീഡനവും കൊലപാതകശ്രമവും അടക്കം വകുപ്പുകള്‍ ചുമത്തുമെന്നും അമലിന്റെ മാതാപിതാക്കള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പീരുമേട് ഡിവൈഎസ്പി പി.കെ.ലാല്‍ജി പറഞ്ഞു. അമലിനെ കോടതി റിമാന്‍ഡ് ചെയ്തു.

മകള്‍ക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പിതാവ് ചേറ്റുകുഴി പടീശേരില്‍ ജയപ്രകാശിന്റെ കണ്ണുനീര്‍ തോരുന്നില്ല. മകള്‍ ധന്യയുടെ മരണത്തിന് കണക്കു ചോദിക്കുന്ന അച്ഛന്റെ കണ്ണുനീരാണത്. ധന്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വിജയം കണ്ടത് ഈ അച്ഛന്റെ പോരാട്ടമാണ്. 2019 നവംബര്‍ ഒന്‍പതിനായിരുന്നു അമലിന്റെയും ധന്യയുടെയും വിവാഹം.

27 പവന്‍ സ്വര്‍ണാഭരണങ്ങളും 2 ലക്ഷം രൂപയും വീട്ടിലേക്ക് ഫര്‍ണിച്ചറുമെല്ലാം നല്‍കിയാണ് വിവാഹം നടത്തിയത്. ധന്യയുടെ ആഗ്രഹ പ്രകാരം ഉപരിപഠനത്തിന് അനുവദിക്കണമെന്ന ആവശ്യവും അമല്‍ സമ്മതിച്ചിരുന്നു. എന്നാല്‍, വിവാഹശേഷം എല്ലാം തകിടം മറിഞ്ഞു. രക്ഷിതാക്കളെ ഫോണ്‍ ചെയ്യുന്നതു പോലും അമല്‍ സംശയത്തോടെയാണ് കണ്ടിരുന്നതെന്ന് ജയപ്രകാശ് പറയുന്നു.

മൂത്തസഹോദരിക്ക് ഫോണ്‍ സന്ദേശം അയച്ചാലും സംശയമായിരുന്നു. ചിലപ്പോള്‍ മദ്യപിച്ചശേഷം മര്‍ദിക്കുകയും ചെയ്തു. ദേഹത്ത് പലയിടത്തും മുറിവുകളും ഉണ്ടായി. എന്നാല്‍ ഇതൊന്നും മാതാപിതാക്കളെ അറിയിക്കാതെയാണ് ധന്യ കഴിഞ്ഞിരുന്നത്. ഉപദ്രവം വര്‍ധിച്ചതോടെ വീട്ടില്‍ എത്തി ഇക്കാര്യങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു. ഒരു കുഞ്ഞു പിറന്നാല്‍ കാര്യങ്ങളില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലായിരുന്നു ധന്യ.

എന്നാല്‍ കുഞ്ഞു ജനിച്ച ശേഷം തന്റെ ഭര്‍തൃഗൃഹത്തില്‍ മരണത്തിനു കീഴടങ്ങാനായിരുന്നു വിധി. മരിക്കുന്നതിന്റെ ഒരാഴ്ച മുന്‍പ് വീട്ടില്‍ എത്തിയപ്പോഴും ധന്യ ഭര്‍ത്താവിന്റെ വീട്ടിലെ ദുരവസ്ഥ മാതാപിതാക്കളോട് പറഞ്ഞിരുന്നു. മേസ്തിരിപ്പണി ചെയ്യുന്ന ഭര്‍തൃപിതാവ് രാവിലെ പോകുന്നതിനു മുന്‍പ് ഭക്ഷണം തയാറാക്കാന്‍ പുലര്‍ച്ചെ 4.30ന് ഭര്‍തൃമാതാവിനൊപ്പം എഴുന്നേറ്റ് ജോലികള്‍ ചെയ്യാത്തതിനു പോലും മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് മകള്‍ പറഞ്ഞിരുന്നതായി ജയപ്രകാശ് പറഞ്ഞു.

മരിക്കുന്നതിന്റെ തലേദിവസം ധന്യ ഉച്ചകഴിഞ്ഞ് വിളിച്ചപ്പോഴും വീട്ടില്‍ വഴക്കാണെന്ന് പറഞ്ഞു. ഇതേക്കുറിച്ച് ചോദിക്കാനായി പിറ്റേന്ന് അവിടേക്കു പോകാനിരിക്കെയാണ് രാവിലെ 7ന് ഭര്‍തൃമാതാവ് വിളിച്ച് ധന്യ തൂങ്ങിമരിച്ചെന്ന് പറയുന്നത്. ഉടന്‍തന്നെ അവിടെ എത്തിയെങ്കിലും മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അമലിന്റെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നു.

അവരോട് ചോദിച്ചപ്പോള്‍, ധന്യയ്ക്ക് ജീവന്‍ ഉണ്ടായിരുന്നതിനാല്‍ സമീപവാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞത്. ഇത് സംശയത്തിന് ഇടയാക്കി. മകള്‍ തൂങ്ങിയതെന്ന് പറയുന്ന ജനലില്‍ തൂങ്ങിമരിക്കാന്‍ കഴിയില്ലെന്ന സംശയവും പൊലീസില്‍ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചു.

പിന്നീട് എല്ലാ ദിവസവും പൊലീസിനെ വിളിച്ച് വിവരം അന്വേഷിക്കുകയും കഴിയുന്നത്ര തെളിവുകള്‍ ശേഖരിച്ചു നല്‍കുകയും ചെയ്തു ഈ അച്ഛന്‍. ഒടുവില്‍ മകളുടെ മരണത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഉദിച്ചിരിക്കുകയാണെന്ന് ജയപ്രകാശ് പറയുന്നു.

പഠനം പൂര്‍ത്തിയാക്കി ജോലി നേടുകയെന്ന സ്വപ്നം ബാക്കിയാക്കിയാണ് ധന്യ ഓര്‍മയായത്. ഭര്‍തൃഗൃഹത്തിന്റെ പീഡനം അസഹ്യമായതാണ് അത്തരമൊരു തീരുമാനത്തിലേക്ക് ധന്യയെ നയിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ചെറുപ്പം മുതല്‍ നന്നായി പഠിച്ചിരുന്ന കുട്ടിയാണ് ധന്യ. ഏഴാം ക്ലാസ് വരെ കൊച്ചറ എംജിഎം സ്‌കൂളിലും ഹൈസ്‌കൂള്‍ കാലത്ത് കുഴിത്തൊളു ദീപ ഹൈസ്‌കൂളിലുമായിരുന്നു പഠനം.

വണ്ടന്‍മേട് എംഇഎസ് എച്ച്എസ്എസില്‍ നിന്നാണ് പ്ലസ്ടു പാസായത്. ജോലി സാധ്യത ഏറെയുണ്ടെന്ന് പറഞ്ഞായിരുന്നു നെടുങ്കണ്ടം എംഇഎസ് കോളജില്‍ ബിഎസ്സി മാത്തമാറ്റിക്സ് കോഴ്സിനു ചേര്‍ന്നത്. സ്‌കോളര്‍ഷിപ് ഉള്‍പെടെ ലഭിക്കുകയും ചെയ്തിരുന്നു. ബിരുദാനന്തര ബിരുദ കോഴ്‌സിനു ചേരണമെന്ന ആഗ്രഹവും ധന്യ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. അതിനിടെയാണ് വിവാഹ ആലോചനകള്‍ ആരംഭിച്ചത്.

ഉപരിപഠനത്തില്‍ എതിര്‍പ്പില്ലെന്ന് അമല്‍ ഉറപ്പു നല്‍കിയതോടെയാണ് വിവാഹം നടത്തിയത്. എന്നാല്‍, പിജി കോഴ്‌സിനു ചേരുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായാണ് ധന്യയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്.

അമലിന് പോകാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ പരീക്ഷ എഴുതിക്കാനും മറ്റുമായി മകളെ കോളജില്‍ കൊണ്ടുപോയിരുന്നതായി ധന്യയുടെ പിതാവ് ജയപ്രകാശ് പറയുന്നു. കുട്ടി ജനിച്ചശേഷം ശരിയായ രീതിയില്‍ പഠിക്കാന്‍ ധന്യക്ക് കഴിഞ്ഞിരുന്നില്ല. പരീക്ഷ അടുത്തു വരുന്ന സമയത്തായിരുന്നു മരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker