തിരുവനന്തപുരം: വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിന്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. നെടുമങ്ങാട് വലിയമല കുര്യാത്തി ശ്രീകൃഷ്ണവിലാസത്തിൽ ശ്രീകുമാറിന്റെ മകൾ ആതിരാ ശ്രീകുമാറി(23)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെയിടെയാണ് ആതിരയെ ഉഴമലയ്ക്കൽ ലക്ഷംവീട് കോളനിയിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലെ മുറിക്കുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വിവാഹമുറപ്പിച്ച ശേഷം യുവതിയുടെ കുടുംബത്തിൽ നിന്ന് പല ആവശ്യങ്ങൾ പറഞ്ഞു ലക്ഷങ്ങൾ കൈക്കലാക്കിയ യുവാവ് ഒടുവിൽ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആതിരയും പനയമുട്ടം സ്വാതിഭവനിൽ സോനുവും തമ്മിലുള്ള വിവാഹ നിശ്ചയം 2022 നവംബർ 13ന് ആണ് നടന്നത്. 2023 ഏപ്രിൽ 30നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ആതിര ജോലി നോക്കിയിരുന്നത്. വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്‌ഷൻ കമ്പനിയിൽ ജോലി ഉണ്ടായിരുന്നു എന്നായിരുന്നു സോനു ആതിരയോടും കുടുംബത്തോടും പറഞ്ഞിരുന്നത്.
സ്ത്രീധനമായി ഒന്നും തന്നെ സോനു ആവശ്യപ്പെട്ടിരുന്നില്ല. പക്ഷേ വിവാഹ നിശ്ചയത്തിന് ശേഷം സോനുവിൻ്റെ രീതികൾ അപ്പാടെ മാറി. മാസാമാസം ആതിരയ്ക്ക് ലഭിക്കുന്ന ശമ്പളം സോനു ചോദിച്ചു വാങ്ങിയിരുന്നു. ഇതിന് പുറമേ ആതിരയുടെ സഹോദരനിൽ നിന്നും ബന്ധുക്കളിൽ നിന്നും പല ആവശ്യങ്ങൾ പറഞ്ഞു പലപ്പോഴായി ലക്ഷങ്ങളാണ് സോനു കൈക്കലാക്കിയത്. തുടർന്നും സോനു പണം ആവശ്യപ്പെട്ടപ്പോൾ ആണ് ആതിരയുടെ കുടുംബത്തിന് സംശയം ഉയർന്നത്. ജോലിയുള്ള സോനുവിന് ഇത്രയും പണം എന്തിനാണെന്നുള്ള സംശയം സോനുവിനെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ആതിരയുടെ കുടുംബത്തിന് പ്രേരണയായി.
തന്നെക്കുറിച്ച് ആതിരയുടെ കുടുംബം അന്വേഷിക്കുന്നു എന്ന് മനസ്സിലാക്കിയ സോനു ആതിരയും വീട്ടുകാരെയും ഫോണിൽ വിളിച്ചു കല്യാണത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് അറിയിച്ചു. സോനുവിന്റെ പെട്ടെന്നുള്ള പിന്മാറ്റം ആതിരയെ മാനസികമായി ഏറെ തളർത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ ജോലിക്ക് പോകാതെ ആതിര വീടിനുള്ളിൽത്തന്നെ കഴിയുകയായിരുന്നു. സംഭവത്തിൽ സോനുവിനെതിരെ ആതിരയുടെ കുടുംബം ഡിജിപിക്കും ഡിവൈഎസ്പിക്കും ബന്ധുക്കൾ പരാതി നൽകി. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.