ട്രെയിനില്‍ യുവതിക്ക് നേരെ വീണ്ടും അക്രമം; ടി.ടി.ആര്‍ കടന്നുപിടിച്ചതായി പരാതി

തിരുവനന്തപുരം: ട്രെയിനില്‍ യുവതിക്ക് നേരെ വീണ്ടും അക്രമം. ഐലന്‍ഡ് എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്. ഏപ്രില്‍ 12 -നു തിരുവനന്തപുരത്ത് നിന്നും ബാംഗളൂരിലേക്കുള്ള യാത്രയ്ക്ക് ഇടയിലാണ് സംഭവം. ഇയാള്‍ക്കെതിരെ യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കി. ടിടിആര്‍ പി ജോണ്‍സന്‍ കയറിപിടിച്ചുവെന്നാണ് ആരോപണം.

സ്ലീപ്പര്‍ ടിക്കറ്റ് മാറ്റി എ സിയിലേക്ക് ആക്കിതരണമെന്ന് ആവശ്യപ്പെട്ട് ടി ടി ആറിനെ സമീപിച്ചപ്പോള്‍ ഇയാള്‍ കയറിപിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. അന്വേഷണ വിധേയമായി ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ആക്രമണവും കവര്‍ച്ചയും നടന്നിരിന്നു. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയിരിന്നു. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടില്‍ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി. എട്ടുമണിയോടെ മുളന്തുരുത്തിയില്‍ നിന്ന് പുറപ്പെട്ട് അല്‍പസമയത്തിന് ശേഷമായിരുന്നു ആക്രമണം.

അക്രമിയെ ഇതുവരെപിടികൂടാനായിട്ടില്ല. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നൂറനാട് സ്വദേശിയാണ് പ്രതിയെന്ന് ആര്‍.പി.എഫ് വ്യക്തമാക്കി. പ്രതിയുടെ ചിത്രം യുവതിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ട്രെയിനില്‍ അക്രമം നടത്തുന്ന പ്രതി ആര്‍.പി.എഫിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളയാളാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന പ്രതികളുടെ ചിത്രം ആര്‍.പി.എഫ് കാണിച്ചതില്‍ നിന്നാണ് പ്രതിയെ യുവതി തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News