KeralaNews

ഹെന്ന ചെയ്യാനെത്തി, വയറുവേദന അഭിനയിച്ച ശേഷം കുടിക്കാന്‍ വെള്ളം ചോദിച്ചു; ബ്യൂട്ടി പാര്‍ലറില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന യുവതി അഞ്ചു മാസങ്ങള്‍ക്ക് ശേഷം പിടിയില്‍

കോഴിക്കോട്: സഹേലി ബ്യൂട്ടി പാര്‍ലറില്‍ നിന്നു 60,000 രൂപയും 5 പവന്‍ ആഭരണവും കവര്‍ന്ന കേസില്‍ അഞ്ച് മാസത്തിനു ശേഷം പ്രതി പിടിയില്‍. കടലുണ്ടി അമ്പാളി വീട്ടില്‍ അഞ്ജന (23) നെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഹെന്ന ട്രീറ്റ്‌മെന്റിനായി ബ്യൂട്ടിപാര്‍ലറിലെത്തിയ ശേഷം യുവതി, ബ്യൂട്ടിഷ്യന്റെ ശ്രദ്ധ തിരിക്കാന്‍ വയറുവേദന അഭിനയിക്കുകയും, കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ജീവനക്കാരി വെള്ളമെടുത്ത് വരുമ്പോഴേക്കും ബാഗില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും യുവതി അടിച്ചുമാറ്റിയിരുന്നു.

പോലീസ് നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. നടക്കാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു നിന്നാണ് അഞ്ജനയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നഗരത്തിലെ വിവിധ ബ്യൂട്ടി പാര്‍ലറുകളിലും മോഷണം നടത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

ചേവായൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി.വിജയകുമാര്‍, എസ്‌ഐ എന്‍.അജീഷ് കുമാര്‍, സീനിയര്‍ സിപിഒ രാജീവ് കുമാര്‍ പാലത്ത്, വി.ജി.മഞ്ജു വിജി, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, എം.ഷാലു, എ.പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, പി.ശ്രീജിത്ത്, പി.ടി.ഷഹീര്‍, എ.വി.സുമേഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button