28.3 C
Kottayam
Friday, May 3, 2024

അമ്മയുടെ സുഹൃത്ത് പലതവണ ബലാത്സംഗം ചെയ്തു;പുറത്തുപറയാതിരിക്കാൻ 10വയസുകാരിയ്ക്ക് അമ്മയുടെ ക്രൂരപീഡനം

Must read

ലഖ്‌നൗ: അമ്മയുടെ ആണ്‍സുഹൃത്തില്‍നിന്ന് നേരിട്ട ലൈംഗികാതിക്രമം പുറത്തുപറയാതിരിക്കാന്‍ പത്തുവയസ്സുകാരിയായ മകളെ ക്രൂരമായി ഉപദ്രവിച്ച യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പെണ്‍കുട്ടിയെ അമ്മയുടെ ആണ്‍സുഹൃത്ത് പലതവണ ബലാത്സംഗം ചെയ്തു. ഇക്കാര്യം മറച്ചുവെക്കാനുള്ള ശ്രമം നടത്തിയതുകൂടാതെ മകളെ ലൈംഗികത്തൊഴിലിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതിയും ഇവര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ നേര്‍ക്കുള്ള അതിക്രമം കൂടാതെ കുട്ടിയുടെ പതിമൂന്നുകാരനായ സഹോദരനേയും ആണ്‍സുഹൃത്ത് ലൈംഗികമായി ഉപദ്രവിച്ചു. ഇയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലൈംഗികാതിക്രമം സഹിക്കാനാകാതെ ജനുവരി പത്തിന് വീടുവിട്ടിറങ്ങി ഏതോവിധത്തില്‍ ഡല്‍ഹിയിലെത്തി തെരുവുകളില്‍ അലയുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ കദനകഥ പുറത്തറിഞ്ഞതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെ കൈകളിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. പെണ്‍കുട്ടി പീഡനത്തിനിരയായതായി മെഡിക്കല്‍ പരിശോധനയില്‍നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയേയും രാജു എന്ന ആണ്‍സുഹൃത്തിനേയും ഗാസിയാബാദില്‍നിന്ന് അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

രാജുവിനെ ഏറെ ഭയപ്പെട്ടിരുന്ന പെണ്‍കുട്ടി പോലീസിനോട് രണ്ടാനച്ഛന്‍ തന്നെ ബലാത്സംഗം ചെയ്തതായാണ് പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അച്ഛന്‍ നാല് കൊല്ലംമുമ്പ് മരിച്ചതായി കണ്ടെത്തി. അച്ഛന്റെ മരണശേഷം പെണ്‍കുട്ടിയും സഹോദരനും അമ്മയുടെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ കൊല്ലം അമ്മ കുട്ടികളെ ഗാസിയാബാദിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോള്‍ മുതല്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായി. സഹോദരനേയും രാജു ഉപദ്രവിച്ചതിനെ തുടര്‍ന്ന് സഹോദരന്‍ നേരത്തേ വീടുവിട്ടു പോയതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

അച്ഛന്റെ മരണത്തിനുശേഷം അമ്മ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടുവരികയായിരുന്നുവെന്നും തനിക്ക് പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തന്നേയും ആ തൊഴിലിനയക്കാനായിരുന്നു അമ്മയുടെ പദ്ധതിയെന്നും പെണ്‍കുട്ടി പറഞ്ഞു. തനിക്കെതിരെയുള്ള ഉപദ്രവങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ അമ്മയും രാജുവും കൊടില്‍ ഉപയോഗിച്ച് അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് പെണ്‍കുട്ടി അറിയിച്ചതായി ലോനി പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഭാസ്‌കര്‍ ശര്‍മ പ്രതികരിച്ചു. ജനുവരിയില്‍ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും ഏപ്രിലില്‍ ലോനി പോലീസ് മറ്റൊരു കേസെടുക്കുകയും യുവതിയേയും ആണ്‍സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയുമായിരുന്നെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week