KeralaNews

സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം! അംഗത്വത്തിന് 500 രൂപ; ഒരു കോടിയിലധികം തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍

കൊച്ചി: ഒഴിവുസമയങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടിയിലധികം രൂപ തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശിനി പ്രവീണയെന്ന പ്രമീള സുഹൃത്ത് ജയരാജ് എന്നിവരാണ് പാലക്കാട് സൗത്ത് പോലീസിന്റെ പിടിയിലായത്. പാലക്കാട് മഞ്ഞക്കുളത്ത് ഫാബ്രോണ്‍ ബട്ടണ്‍ ഹൗസ് എന്ന പേരില്‍ ആസൂത്രണം ചെയ്ത തട്ടിപ്പില്‍ നൂറിലധികം സ്ത്രീകളാണ് കുടുങ്ങിയത്.

ആരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള വാഗ്ദാനവുമായി പരസ്യം നല്‍കിയാണ് പ്രവീണയും ജയരാജും തട്ടിപ്പ് നടത്തിയത്. അംഗത്വമെടുക്കാന്‍ ആദ്യം അഞ്ഞൂറ് രൂപ നല്‍കണം. തുടര്‍ന്ന് അഞ്ച് പെട്ടി ബട്ടണും അതിനെ മൂടാനുള്ള തുണിയും കിട്ടാന്‍ രണ്ടായിരം കൂടി നല്‍കണം. മുപ്പത് പെട്ടി ബട്ടണ്‍ വാങ്ങിയാല്‍ ബട്ടണില്‍ തുണി കോര്‍ക്കുന്ന യന്ത്രം സൗജന്യം. ഈ വാഗ്ദാനങ്ങള്‍ വിശ്വസിച്ച സ്ത്രീകള്‍ പണം അടച്ചെങ്കിലും വാഗ്ദാനങ്ങളില്‍ ഒന്നും ലഭിച്ചില്ല.

വ്യക്തിപരമായി പണം മുടക്കിയവര്‍ പിന്നീട് ഗ്രൂപ്പ് അടിസ്ഥാനത്തിലും ബിസിനസ് വിപുലമാക്കാന്‍ ശ്രമിച്ചു. പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം ഒരു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് നിഗമനം. തുണി തുന്നിച്ചേര്‍ത്ത ബട്ടണുകള്‍ കൈപ്പറ്റാനുള്ള കാലതാമസമുണ്ടായതും സ്ഥാപനം പൂട്ടിയതുമാണ് സംശയത്തിനിടയാക്കിയത്. ഇതോടെ തട്ടിപ്പെന്ന് ബോധ്യമായി. പരാതി ഉയര്‍ന്നതിന് പിന്നാലെ പ്രതികള്‍ ഫോണ്‍ ഓഫ് ആക്കി മുങ്ങുകയായിരുന്നു.

തുടര്‍ന്ന് പലയിടത്തും ഒളിവില്‍ താമസിച്ചു. പോലീസിന്റെ തുടര്‍ നിരീക്ഷണത്തില്‍ ഇരുവരും അടുത്തിടെ മറ്റൊരു സിം കാര്‍ഡ് ഫോണില്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞു. പരിശോധനയില്‍ എറണാകുളത്തെ എരൂര്‍ ഭാഗത്തുണ്ടെന്ന് വ്യക്തമാക്കി. പിന്നാലെ വാടക വീട്ടില്‍ നിന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പത്തിലധികം പരാതി സൗത്ത് പോലീസ് സ്റ്റേഷനിലുണ്ട്. അറസ്റ്റിലായ വിവരം മനസിലാക്കി കൂടുതലാളുകള്‍ പരാതിയുമായെത്തുന്നുണ്ട്. സംഘത്തില്‍ മറ്റാരെങ്കിലുമുണ്ടോ എന്നതുള്‍പ്പെടെ പോലീസ് പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button