കൊലപാതകം ചെയ്യാൻ വെബ്സീരീസുകൾ കണ്ടു; ഭർത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊന്നു

ജയ്പുര്‍: ശാരീരികപീഡനവും സംശയവും പതിവായതോടെ ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സന്തോഷ് ദേവി എന്ന യുവതിയാണ് ഋഷി ശ്രീവാസ്തവ, മോഹിത് ശര്‍മ എന്നിവരുടെ സഹായത്തോടെ ഭര്‍ത്താവ് മനോജിനെ കൊലപ്പെടുത്തിയത്. പിടിക്കപ്പെടാത്ത വിധത്തില്‍ കൊലപാതകം നടത്തുന്നത് എങ്ങനെയെന്ന് ഗൂഗിളില്‍ തിരഞ്ഞ പ്രതികള്‍, ഇതിനായി ക്രൈം വെബ് സീരീസുകളും കണ്ടതായി പോലീസ് പറഞ്ഞു. ഇ റിക്ഷാ ഡ്രൈവറായിരുന്നു മനോജ്.

ബെഡ്ഷീറ്റ് ഫാക്ടറി ജീവനക്കാരിയായിരുന്നു സന്തോഷ് ദേവി. ഇവര്‍ക്കൊപ്പം ജോലിചെയ്തിരുന്നയാളാണ് ഋഷി. സന്തോഷ് ദേവിയും ഋഷിയും തമ്മിലുള്ള ബന്ധം ശക്തമായതിന് പിന്നാലെയാണ് മനോജിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഋഷിയുടെ സുഹൃത്ത് മോഹിത്തും ഇവര്‍ക്കൊപ്പം ചേര്‍ന്നു. തുടര്‍ന്നായിരുന്നു പിടിക്കപ്പെടാതെ കൊലപാതകം ചെയ്യാനുള്ള മാര്‍ഗങ്ങളേക്കുറിച്ച് മൂവരും ഇന്റര്‍നെറ്റില്‍ തിരഞ്ഞതും ക്രൈം വെബ് സീരീസുകള്‍ കണ്ടതും.

മനോജിനെ കൊലപ്പെടുത്താനുള്ള പദ്ധതിക്കുവേണ്ടി മൂവരും പുതിയ സിം കാര്‍ഡുകളും എടുത്തു. ശനിയാഴ്ച മോഹിത്, മനോജിന്റെ വണ്ടി ഇസ്‌കോണ്‍ ക്ഷേത്രത്തിലേക്ക് ഓട്ടംവിളിച്ചു. പത്തുമിനിറ്റിനു ശേഷം ഋഷിയും മോഹിതിനൊപ്പം ചേര്‍ന്നു. ശേഷം വണ്ടി ഒറ്റപ്പെട്ട പ്രദേശത്തെത്തിക്കുകയും മനോജിനെ ബെഡ്ഷീറ്റ് മുറിക്കുന്ന കത്രിക ഉപയോഗിച്ച് കഴുത്തുമുറിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം വസ്ത്രംമാറി സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ സിം കാര്‍ഡുകളും പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.

കൊലപാതകം നടന്ന പ്രദേശത്ത് സിസിടിവികൾ ഉണ്ടായിരുന്നില്ല.തുടർന്ന് സമീപപ്രദേശത്തുനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളിലേക്കെത്തിയത്. ഒരുമാസമായി കൊലപാതകത്തിനുള്ള ആസൂത്രണം നടത്തിവരികയായിരുന്നെന്ന് പ്രതികൾ പോലീസിനോടു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News