കൊച്ചി: ലോഡ്ജ് ഉടമയെ ഹണിട്രാപ്പിലാക്കി ഭീഷണിപ്പെടുത്തി പണവും രേഖയും തട്ടിയെടുത്ത യുവതിയും കാമുകനും പിടിയില്‍. ഫോര്‍ട്ടുകൊച്ചി സ്വദേശി ഷാജിയെന്നു വിളിക്കുന്ന ഷാജഹാന്‍(25), മട്ടാഞ്ചേരി മംഗലത്തു പറന്പില്‍ വാടകയ്ക്ക് താമസിക്കുന്ന റിന്‍സീന(29) എന്നിവരാണ് മട്ടാഞ്ചേരി പോലീസിന്റെ പിടിയിലായത്.
ഫോര്‍ട്ടുകൊച്ചിയിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു വന്നിരുന്ന യുവതി. ഇവിടെനിന്നു ശീതള പാനീയം കഴിച്ചശേഷം സുഖമില്ലാതായെന്നും മട്ടാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റാക്കിയെന്നും പറഞ്ഞു ലോഡ്ജ് ഉടമയെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് ലോഡ്ജുടമയെയും കൂട്ടുകാരനെയും ഇവര്‍ ആശുപത്രി മുറിയില്‍ പൂട്ടിയിട്ടു യുവതിക്കൊപ്പം ഇവരുടെ വീഡിയോ പകര്‍ത്തി. മര്‍ദിച്ചു ഭീഷണിപ്പെടുത്തി പേഴ്‌സില്‍നിന്നു പണവും തിരിച്ചറിയില്‍ രേഖയും തട്ടിയെടുത്തു. തുടര്‍ന്ന് ലോഡ്ജുടമ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. ഇതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു ഹണിട്രാപ്പിന്റെ വിവരം കൂടി പുറത്തുവന്നു. എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ ദീര്‍ഘകാല ചികിത്സയ്ക്കു വരുന്നവര്‍ക്കും ബന്ധുക്കള്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുന്ന സ്ഥാപനത്തിന്റെ ഉടമയെയും സമാന രീതിയില്‍ യുവതിയും സംഘവും കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതു പ്രകാരം കൂടുതല്‍ തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു. കുര്യാക്കോസ്, മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി.ജി. രവീന്ദ്രനാഥ് എന്നിവരുടെ നിര്‍ദേശാനുസരണം മട്ടാഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. സാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.ജെ. ജോര്‍ജ്, മധുസുദനന്‍, പോലീസുകാരായ ബിജു, എഡ്വിന്‍ റോസ്, കെ.എ. അനീഷ്, എ.ടി. കാര്‍മിലി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നു മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കും.