തൃശൂര്‍: വീട്ടില്‍ വളര്‍ത്തുന്ന കുതിരയ്ക്ക് വെറ്റിനറി ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതായി വീട്ടമ്മയുടെ പരാതി. ക്ഷീണിതയായ കുതിരയെ നോക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് വീട്ടമ്മ പറയുന്നു. മറ്റ് അസുഖങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുതിരയ്ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ ഇപ്പോഴും തങ്ങളുടെ ഒപ്പമുണ്ടാകുമായിരുന്നുവെന്നാണ് വീട്ടമ്മയുടെ വാദം.
കുതിര സവാരി പരിശീലനമായിരുന്നു കുടുംബത്തിന്റെ ഉപജീവനമാര്‍ഗ്ഗം. കുതിര ചത്തതോടെ വീട്ടിലേക്കുള്ള ഉപജീവന മാര്‍ഗ്ഗം കൂടിയാണ് അറ്റു പോയിരിക്കുന്നത്. ക്ഷീണിതയായ കുതിരയുടെ ചികിത്സയ്ക്കുവേണ്ടി മണ്ണൂത്തിയിലെ വെറ്റിനറി ഡോക്ടര്‍മാരുമായി ഒരുപാട് തവണ ബന്ധപ്പെട്ടിരുന്നുവെന്ന് വീട്ടമ്മ പറയുന്നു.
എന്നാല്‍ വീട്ടമ്മയുടെ പരാതി കേള്‍ക്കാനോ കുതിരയെ ചികിത്സിക്കാനോ ഡോക്ടര്‍മാര്‍ തയ്യാറായില്ല മറിച്ച് പിജി വിദ്യാര്‍ത്ഥികളാണ് കുതിരയുടെ ചികിത്സയ്ക്കായി വീട്ടിലെത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞതോടെ തളര്‍ന്ന് ക്ഷീണിതയായ കുതിര ചത്തു പോവുകയായിരുന്നു.
ഒന്നരവര്‍ഷം മുമ്പ് ഗുജറാത്തില്‍ നിന്നും പരിശീലനത്തിന് നല്‍കാന്‍ വേണ്ടിയാണ് വീട്ടമ്മ കുതിരയെ വാങ്ങിയത്. വെറ്റിനറി ഡോക്ടര്‍മാര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്. കുതിര ചത്തതിന് നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ വേണം എന്നാണ് ഉടമയുടെ ആവശ്യം.