ന്യൂഡൽഹി:കോവിഡ് ആഗോള കണക്കുകൾ വർധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. രണ്ട് മാസത്തിന് ശേഷമാണ് ആഗോള കണക്കുകളിൽ വർധനവ് രേഖപ്പെടുത്തുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്ത് എല്ലായിടത്തും കോവിഡ് വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ആഗോള വ്യാപകമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ ഇപ്പോഴും കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന് അതീവ സാധ്യതയുള്ള പട്ടികയിലാണുള്ളത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ പോലും അത് ബാധിച്ചേക്കാം. നിലവിൽ നമ്മുടെ പക്കലുള്ള എല്ലാ പ്രതിരോധ മാർഗങ്ങളേയും അത് മറികടന്നേക്കാം. പൊതുജനാരോഗ്യ സുരക്ഷയ്ക്കുള്ള മാർഗങ്ങൾ നടപ്പാലിക്കുന്നതിനെ പോലും അത് വൈകിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞാഴ്ചത്തെ കോവിഡ് ആഗോള കണക്കുകളിൽ 49000 വരെ വർധനവാണുള്ളത്. 30 ലക്ഷം കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളിൽ 4-5 ശതമാനം വരെയാണ് വർധന. യൂറോപ്യൻ രാജ്യങ്ങളിലും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് മരണങ്ങളിലും വർധനവുണ്ടായിട്ടുണ്ട്.
യുഎസ്, ഉക്രൈൻ, തുർക്കി, ജർമനി, ബ്രസീൽ എന്നീ രാജ്യങ്ങളിൽ പുതിയ കോവിഡ് തരംഗങ്ങൾ രൂക്ഷമാവുകയാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് കോവിഡ് കേസുകൾ അതിവേഗം വർധിക്കുകയാണെന്ന് ചൈനീസ് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയിൽ തുടർച്ചയായ 126-ാം ദിവസവും കോവിഡ് പ്രതിദിന കോവിഡ് കേസുകൾ അരലക്ഷത്തിന് താഴെ തുടരുകയാണ്. എന്നിരുന്നാലും മൂന്നാം തരംഗ സാധ്യതയെ തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.