തൃശ്ശൂര്‍: കോണ്‍ഗ്രസ് സ്ഥനാര്‍ഥി പട്ടിക പുറത്ത് വരാനിരിക്കെ തൃശ്ശൂരില്‍ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എം.പി. ടി.എന്‍.പ്രതാപന്‍. വടകര എംപിയായിരുന്ന മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറുമെന്ന് ഉറപ്പിച്ചതോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന്‍ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി തീരുമാനം ഇരുകൈയോടെയും സ്വീകരിക്കുമെന്ന് പ്രതാപന്‍ വ്യക്തമാക്കുകയും ചെയ്തു.
തൃശ്ശൂരിലെ സിറ്റിങ് എംപിയായ പ്രതാപന്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രതാപന്‍ തൃശ്ശൂരില്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തിരുന്നു. 150 ഓളം സ്ഥലങ്ങളില്‍ പ്രതാപന് വേണ്ടി ചുവരെഴുത്തുകള്‍ നടത്തുകയും ആയിരക്കണക്കിന് പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നാടകീയ തീരുമാനം ഉണ്ടായിരിക്കുന്നത്. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശ്ശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വടകരയില്‍ മുരളീധരന് പകരമായി ഷാഫി പറമ്പില്‍ എംഎല്‍എ മത്സരിക്കുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി ഇന്ന് പുറത്തിറക്കും.
പ്രതാപനെ നിയമസഭയിലേക്ക് പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയതായാണ് വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയിരുന്നതായി പ്രതാപന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തൃശ്ശൂരിലെ സ്ഥാനാര്‍ഥി മാറ്റം എന്നതും ശ്രദ്ധേയമാണ്. കെ.കരുണാകരന്റെ തട്ടകമായിരുന്ന തൃശ്ശൂരില്‍ അദ്ദേഹത്തിന്റെ മകളിലൂടെ നേട്ടമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് കെ.മുരളീധരനിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തയ്യാറെടുപ്പ്.