ന്യൂഡൽഹി:അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലേക്ക് വരാൻ സൗകര്യം ഒരുക്കും. കാബൂളിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ പുനഃരാരംഭിക്കുമ്പോൾ അഫ്ഗാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും മുൻഗണന നൽകുമെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അഫ്ഗാനിസ്താനിലെ സാഹചര്യം ദിനംപ്രതി വഷളാവുകയാണ്. അവിടുത്തെ സിഖ്, ഹിന്ദു വിഭാഗങ്ങളിലെ പ്രതിനിധികളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അഫ്ഗാൻ വിടാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിലേക്ക് വരാൻ സൗകര്യങ്ങൾ ഒരുക്കും. പരസ്പര വികസനം, വിദ്യഭ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ നമ്മുടെ പങ്കാളികളായ നിരവധി അഫ്ഗാനികളുണ്ട്. രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും ബാഗ്ചി വ്യക്തമാക്കി.
അഫ്ഗാനിലെ സാഹചര്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസ് നിർത്തിവെച്ചതാണ് ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടിയെ തടസപ്പെടുത്തിയത്. സർവീസ് പുനഃസ്ഥാപിക്കുന്നതോടെ ഒഴിപ്പിക്കൽ നടപടി പുനഃരാരംഭിക്കും. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന പൗരൻമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അടിയന്തര സഹായത്തിന് വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെടാനുള്ള നമ്പർ നൽകിയിട്ടുണ്ടെന്നും ബാഗ്ചി പറഞ്ഞു.
We'll facilitate repatriation to India of those who wish to leave Afghanistan. There are also a number of Afghans who've been our partners in the promotion of our mutual developmental, educational & people to people endeavours. We will stand by them: MEA Spox Arindam Bagchi
— ANI (@ANI) August 16, 2021
എംബസി ജീവനക്കാർ, നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ 200ലേറെ ഇന്ത്യക്കാർ കാബൂളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാൻ വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂൾ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇന്നുരാത്രിയോടെ ഇന്ത്യൻ സംഘവുമായുള്ള വിമാനം ഡൽഹിയിലെത്തുമെന്നാണ് സൂചന.
രാജ്യം താലിബാന്റെ നിയന്ത്രണത്തിലാവുകയും പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിടുകയും ചെയ്തതോടെ പരിഭ്രാന്തരായ ജനങ്ങൾ കാബൂൾ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരന്നു. തിക്കുംതിരക്കും നിയന്ത്രിക്കാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനുപിന്നാലെയാണ് കാബൂൾ വ്യോമപാത അടച്ചത്.