എന്താണ് താലിബാന്‍ ; അഫ്ഗാനിസ്ഥാനെ അതിവേഗം കീഴടക്കിയത് എങ്ങനെ?
ന്യൂഡൽഹി:ഒരാഴ്ച മുമ്പാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് വരുന്നത്, 90 ദിവസത്തിനുള്ളിൽ കാബൂൾ പിടിച്ചടക്കി അഫ്ഗാനിസ്ഥാനെ താലിബാൻ പൂർണ്ണ നിയന്ത്രണത്തിലാക്കുമെന്ന്..എന്നാൽ ഇതിന് 90 ദിവസം വേണ്ടി വന്നില്ല. റിപ്പോർട്ട് വന്ന് മണിക്കൂറുകൾ പിന്നിടുംമുമ്പേ അഫ്ഗാനിസ്താനെ താലിബാൻ കീഴടക്കി.
യുഎസ് സൈന്യം തുരത്തിയതിന് രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് താലിബാൻ കാബൂൾ ഞായറാഴ്ച തിരികെ പിടിക്കുന്നത്. ജൂലായി ആദ്യം തൊട്ട് യുഎസ് തങ്ങളുടെ സൈന്യത്തെ പിൻവലിച്ച് തുടങ്ങിയത് മുതലാണ് താലിബാൻ അഫ്ഗാനിസ്താനെ കീഴ്പ്പെടുത്തൽ വേഗത്തിലാക്കിയിരുന്നു.
ഞായറാഴ്ച അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി തന്റെ കൊട്ടാരം ഉപേക്ഷിച്ച് രാജ്യം വിട്ടു. താലിബാന്റെ മുന്നേറ്റം സംബന്ധിച്ച് തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്ന് ഇതിനോടകം യുഎസ് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടുണ്ട്. ‘അഫ്ഗാനിസ്ഥാൻ ദേശീയ സുരക്ഷാ സേനയ്ക്ക് രാജ്യത്തെ പ്രതിരോധിക്കാൻ സാധിച്ചില്ല. യാഥാർത്ഥ്യം എന്തെന്നാൽ നമ്മൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ അത് സംഭവിച്ചു’ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
യുഎസ് സൈന്യം അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതിന് തൊട്ടുപിന്നാലെ അതിവേഗത്തിലുള്ള താലിബാൻ കീഴ്പ്പെടുത്തൽ എങ്ങനെ സാധിച്ചുവെന്നത് ചോദ്യചിഹ്നമുയർത്തുന്നുണ്ട്. യുഎസുമായി 20 വർഷത്തോളം നീണ്ട പോരാട്ടം നടത്തിയതിന് ശേഷമാണ് താലിബാൻ ഇത്തരമൊരു നേട്ടമുണ്ടാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
1994-ലാണ് താലിബാൻ രൂപീകൃതമായത്. 1980 കളിൽ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുജഹിദീൻ എന്നറിയപ്പെടുന്ന മുൻ അഫ്ഗാൻ പ്രതിരോധ പോരാളികളായിരുന്നു ഇതിന് രൂപംകൊടുത്തത്. ഇസ്ലാമിക് നിയമങ്ങൾ രാജ്യത്ത് അടിച്ചേൽപ്പിക്കുകയും വിദേശ സ്വാധീനം എടുത്തുകളയുമായിരുന്നു ഇവരുടെ ലക്ഷ്യം.
1996-ൽ താലിബാൻ കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് കർശന സ്ത്രീവിരുദ്ധ നിയമങ്ങളാണ് നടപ്പാക്കിയത്. സ്ത്രീകൾ തല മുതൽ കാൽ വരെ മറയുന്ന വസ്ത്രം ധരിക്കണം, സ്ത്രീകളെ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവദിച്ചിരുന്നില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനും അനുമതിയില്ല. ടെലിവിഷൻ, സംഗീതം, ഇസ്ലാമിക് അല്ലാത്ത ആഘോഷങ്ങൾ തുടങ്ങിയവയ്ക്കെല്ലാം നിരോധനമേർപ്പെടുത്തി.
2001 സെപ്റ്റംബർ 11-ന് ശേഷം കാര്യങ്ങൾ മാറി,19 പേർ ചേർന്ന് നാല് യുഎസ് വാണിജ്യ വിമാനങ്ങൾ തട്ടിയെടുത്തു.ഇതിൽ രണ്ടെണ്ണം വേൾഡ് ട്രേഡ് സെന്റർ ടവറുകളിലേക്കും ഒന്ന് പെന്റഗണിലേക്കും ഇടിച്ചുകയറ്റി. വാഷിങ്ടൺ ലക്ഷ്യമാക്കി പറന്ന മറ്റൊരുവിമാനം പെൻസിൽവാനിയയിൽ തകർന്നുവീണു. ആക്രമണങ്ങളിൽ 2,700 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു.
താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ നിന്ന് പ്രവർത്തിച്ചിരുന്ന അൽഖ്വയിദ തലവൻ ഒസാമ ബിൻലാദനാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഈ ആക്രമണം നടന്ന ഒരു മാസത്തിനുള്ളിൽ യുഎസും സഖ്യസേനയും അഫ്ഗാനിൽ അധിനിവേശം നടത്തി. അഫ്ഗാനിൽ അൽഖ്വയ്ദയ്ക്ക് താലിബാൻ സുരക്ഷിത താവളമൊരുക്കിയതിനെ തുടർന്നായിരുന്നു ഇത്.
അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള രണ്ട് പതിറ്റാണ്ടുകളിൽ സഖ്യസേനയ്ക്കും യുഎസ് പിന്തുണയുള്ള അഫ്ഗാൻ സർക്കാരിനുമെതിരെ താലിബാൻ കലാപം നടത്തിവരികയായിരുന്നു.താലിബാന്റെ സ്ഥാപകരിൽപ്പെട്ട മുതിർന്ന മത പുരോഹിതനായ മൗലവി ഹൈബത്തുള്ള അഖുൻസാദയാണ് താലിബാനെ ഇപ്പോൾ നയിക്കുന്നത്. പാകിസ്താനിൽ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ മുൻ നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്ന് 2016-ലാണ് ഹൈബത്തുള്ള അഖുൻസാദയെ പരമോന്നത നേതാവായി താലിബാൻ തിരഞ്ഞെടുത്തത്.
താലിബാൻ സഹസ്ഥാപകനായ മുല്ല അഹ്ദുൾ ഗനി ബറദറാണ് മറ്റൊരു പ്രധാന നേതാവ്. 2010-ൽ കറാച്ചിയിൽ വെച്ച് പിടിയിലായ ഇയാൾ 2013-ൽ മോചിക്കപ്പെട്ടിരുന്നു. താലിബാന്റെ രാഷ്ട്രീയ സമിതിയുടെ തലവനായ മുല്ല അഹ്ദുൾ ഗനി ബറദർ അടുത്തിടെ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2017-ൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് താലിബാൻ ഒരു തുറന്ന കത്തെഴുതി. ഇതായിരുന്നു യുഎസുമായുള്ള കരാറിന്റെ തുടക്കം. മാസങ്ങളോളം വിലപേശലുകൾക്ക് ശേഷം 2020-ൽ താലിബാനും ട്രംപ് ഭരണകൂടവും കരാറിൽ ഒപ്പുവെച്ചു. ഇത് പ്രകാരം സേനയെ പിൻവലിക്കാനും അയ്യായിരത്തോളം താലിബാൻ തടവുകാരെ മോചിപ്പിക്കാനും യുഎസ് സമ്മതിച്ചു. യുഎസിന്റെയോ സഖ്യകക്ഷികളുടെയോ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന അൽഖ്വയ്ദ ഉൾപ്പെടെയുള്ള ഏതെങ്കിലും ഗ്രൂപ്പുകൾക്കെതിരെയോ വ്യക്തികൾക്കെതിരെയോ നടപടിയെടുക്കുന്നതിന് താലിബാനും സമ്മതിച്ചു.
പക്ഷേ ഈ കരാർ സമാധാനം കൊണ്ടുവന്നില്ല. അഫ്ഗാനിസ്ഥാനിലെ സംഘർഷം രണ്ടു പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന തലത്തിലേക്കെത്തി. താലിബാൻ അഫ്ഗാനിസ്താന്റെ ഓരോ ഭാഗങ്ങൾ കീഴടക്കി തുടങ്ങി. യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ടനുസരിച്ച് ഈ വർഷം ജൂണിൽ നഗരങ്ങൾക്ക് പുറത്തുള്ള അഫ്ഗാനിസ്താന്റെ ഭൂപ്രദേശത്തിന്റെ 50 മുതൽ 70 ശതമാനം വരെ നിയന്ത്രണം താലിബാൻ കൈപിടിയിലായിരുന്നു.
അഫ്ഗാൻ സർക്കാരിന് ഈ റിപ്പോർട്ട് ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. താലിബാൻ നേതൃത്വത്തിന് സമാധാന ശ്രമങ്ങളിൽ താത്പര്യമില്ലെന്നും രാജ്യം പിടിച്ചെടുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ടിൽ വ്യക്തമാക്കി.
അഫ്ഗാനെ കീഴ്പ്പെടുത്തിയതിന് പിന്നാലെ പഴയതിൽ നിന്ന് വ്യത്യസ്തരാണ് തങ്ങളെന്ന് സ്വയം അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിവരുന്നത്. സമാധാന പ്രക്രിയയിൽ പ്രതിജ്ഞാബദ്ധരാണെന്ന് അവർ അവകാശപ്പെടുന്നു. സ്ത്രീകൾക്കുള്ള ചില അവകാശങ്ങൾ നിലനിർത്താൻ തയ്യാറാണെന്നും അവർ പറയുന്നു.
സ്ത്രീകൾക്ക് പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസംവരെ തുടർന്നും അനുവദിക്കുമെന്ന് താലിബാൻ വാക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. നയതന്ത്രജ്ഞർക്കും മാധ്യമ പ്രവർത്തകർക്കുമടക്കം രാജ്യത്ത് പ്രവർത്തനം തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതമായ ഒരു അന്തരീക്ഷം ഒരുക്കുക എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും അവർക്ക് അഫ്ഗാനിലെ ജനങ്ങൾക്കായി അവരുടെ പ്രവർത്തനങ്ങൾ നടത്താനാകുമെന്നും സുഹൈൽ ഷഹീൻ പറഞ്ഞു.
രണ്ടു പതിറ്റാണ്ടിന് ശേഷം താലിബാൻ ഭരണംവീണ്ടും വരുമ്പോൾ അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഒരു വിലയും ലഭിക്കില്ലെന്നാണ് നിരവധി നിരീക്ഷികർ ചൂണ്ടിക്കാട്ടപ്പെടുന്നത്. സ്ത്രീകൾക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ ഭയന്ന് ആയിരകണക്കിന് ആളുകൾ രാജ്യത്ത് നിന്ന് പാലായനം ചെയ്യുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് ദശകങ്ങളായി ഒരു ട്രില്യൻ ഡോളറിലധികമാണ് യുഎസ് അഫ്ഗാനിൽ ചെലവഴിച്ചിട്ടുള്ളത്. അഫ്ഗാൻ സൈനികരേയും പോലീസുകാരേയും പരിശീലിപ്പിക്കുന്നതിനൊപ്പം ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും നൽകി.
ജൂണിൽ പുറത്തിറങ്ങിയ യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ടനുസരിച്ച് ഫെബ്രുവരിയിൽ 3,08,000 പേരാണ് അഫ്ഗാനിസ്ഥാൻ സൈന്യത്തിലുള്ളത്. അതേ സമയം 58,000 മുതൽ ഒരു ലക്ഷം തീവ്രവാദികൾ മാത്രമാണ് താലിബാനുള്ളത്. കണക്കുകൾ വെച്ച് നോക്കുമ്പോൾ ഒരു അഫ്ഗാൻ സൈന്യത്തിനൊപ്പം ഒരു തരത്തിലും താലിബാൻ എത്തുന്നില്ല എന്നത് കൗതുകരമാണ്.
അഫ്ഗാൻ സേനയ്ക്ക് ചിലപ്പോൾ ഏകോപനം ഇല്ലായിരിക്കാമെന്നും മോശമായ മനോവീര്യം അനുഭവിക്കുന്നുണ്ടെന്നും അമേരിക്കൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാന്റെ മുൻ മുതിർന്ന ഉപദേശകനായ കാർട്ടർ മൽകാസിയൻ പറഞ്ഞു. കൂടുതൽ തോൽവികൾ ഉണ്ടാകുന്തോറും അവരുടെ മനോവീര്യം മോശമാവുകയും താലിബാൻ കൂടുതൽ ധൈര്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യ്ക്തമാക്കി.
അഫ്ഗാൻ സൈന്യത്തിന് ദീർഘകാലമായി താലിബാനെതിരെ പോരാടാനുള്ള സന്നദ്ധതയിലും മനോവീര്യത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം തങ്ങളുടെ വിജയത്തിൽ ഒരു ആശ്ചര്യവുമില്ലെന്നും ജനങ്ങളുടെ പിന്തുണയോടെയാണ് നേട്ടമുണ്ടാക്കിയതെന്നുമാണ് താലിബാൻ പറയുന്നത്.
‘ഞങ്ങൾക്ക് ജനങ്ങൾക്കിടയിൽ വേരുകളുള്ളതിനാൽ, അത് ജനങ്ങളുടെ ഒരു ജനകീയ പ്രക്ഷോഭമായിരുന്നു. കഴിഞ്ഞ 20 വർഷമായി ഞങ്ങൾ ഇത് പറയുന്നുണ്ട്. പക്ഷേ ആരും ഞങ്ങളെ വിശ്വസിച്ചില്ല. ഇപ്പോൾ കണ്ടപ്പോൾ അവർ അത്ഭുതപ്പെട്ടുപോയി, കാരണം അതിനുമുമ്പ് അവർ വിശ്വസിച്ചില്ല’ താലിബാൻ വാക്താവ് ഷഹീൻ പറഞ്ഞു.
അഫ്ഗാനിസ്താനെ താലിബാൻ പിടിച്ചെടുക്കുമെന്ന് യുഎസിന് അറിവുണ്ടായിരുന്നെങ്കിലും കഴിഞ്ഞ മാസംവരെ ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ കരുതിയിരുന്നത് ഇതിന് മാസങ്ങളെടുക്കുമെന്നാണ്.
എന്നാൽ യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകളെ തകിടംമറിച്ചുകൊണ്ടാണ് താലിബാൻ അതിവേഗത്തിൽ അഫ്ഗാൻ പിടിച്ചെടുത്തത്. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനുണ്ടായ ഈ വീഴ്ചയിൽ ബൈഡൻ ഭരണകൂടത്തെ ചോദ്യം ചെയ്യുകയാണിപ്പോൾ പ്രതിപക്ഷം.