തിരുവനന്തപുരം: രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെ സ്വീകരിക്കുമെന്ന് കെഎസ്ആർടിസി. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.
ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പികളും വാസ്തവ വിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും കെഎസ്ആർടിസി നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
നോട്ട് നിരോധിച്ചതിന് പിന്നാലെ നിരോധിച്ച നോട്ടുകൾ കെഎസ്ആർടിസി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെഎസ്ആർടിസി വിശദീകരണവുമായി രംഗത്തെത്തിയത്.
സംസ്ഥാനത്തെ ബെവ്കോ ഔട്‌ലെറ്റുകളിൽ 2000 രൂപ നോട്ടുകള്‍ ഇനി മുതല്‍ സ്വീകരിക്കില്ല. 2000 നോട്ടുകൾ ആർ ബി ഐ പിൻവലിച്ചതിന് പിന്നാലെയാണ് ബെവ്കോ വിലക്കേര്‍പ്പെടുത്തിയത്. ബെവ്കോ ജനറൽ ഓപ്പറേഷൻസ് മാനേജർ സർക്കുലറിലൂടെ എല്ലാ റീജിയണൽ, വെയർഹൗസ് മാനേജർമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകി. 2000 രൂപയുടെ നോട്ട് ഇനി മുതൽ സ്വീകരിക്കരുതെന്നാണ് നിർദേശം. കൂടാതെ 2000 രൂപ നോട്ട് സ്വീകരിച്ചാൽ അതാതു മാനേജർമാർക്കായിരിക്കും ഉത്തരവാദിത്തമെന്നും സർക്കുലറിൽ പറയുന്നു.
2000 രൂപ നോട്ടുകളുടെ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് (RBI) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബെവ്കോയുടെ നടപടി. അതേസമയം, നിലവിൽ വിനിമയത്തിലുള്ള 2000 രൂപ നോട്ടുകൾക്ക് തുടർന്നും മൂല്യമുണ്ടായിരിക്കുമെന്ന് ആർബിഐ (RBI) അറിയിച്ചിരുന്നു. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാമെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബവ്‌കോ ഔട്‌ലെറ്റുകളിൽ 2000ന്റെ നോട്ട് വിലക്കിയത്.
റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതും നിക്ഷേപിക്കുന്നതും സംബന്ധിച്ച ആശയ കുഴപ്പത്തില്‍ വ്യക്തതവരുത്തി എസ്ബിഐ. നോട്ടുകള്‍ മാറുന്നതിന് ബാങ്കില്‍ പ്രത്യേക സ്ലിപ്പ് എഴുതി നല്‍കുകയോ ഐഡി കാര്‍ഡുകള്‍ കാണിക്കുകയോ വേണ്ടെന്ന് എസ്ബിഐ വ്യക്തമാക്കി.
ഒറ്റത്തവണ 20,000 രൂപവരെയാകും 2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ആകുക. നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടന്നുവരുന്നതിനിടെയാണ് എസ്ബിഐ ഇതില്‍ വ്യക്തതവരുത്തിയിരിക്കുന്നത്. പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളോ നല്‍കിയാല്‍ മാത്രമേ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആകൂ എന്നതായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ തെറ്റായ പ്രചാരണം.
ഒരു തവണ 20000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാന്‍ കഴിയൂ എന്ന് നേരത്തെ റിസര്‍വ് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് എത്ര തവണയും മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കും. അതിനൊന്നും നിയന്ത്രണമില്ല. ഇത്തരത്തില്‍ മാറ്റുന്നതിനൊപ്പം പ്രത്യേക സ്ലിപ്പോ ഐഡി കാര്‍ഡുകളോ ആവശ്യമില്ലെന്നും എസ്ബിഐ വ്യക്തമാക്കുന്നു. നോട്ട് മാറ്റിയെടുക്കുന്ന വ്യക്തി ആ ബാങ്കിലെ ഉപഭോക്താവ് ആകണമെന്നില്ല. അക്കൗണ്ടുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാങ്കുകളില്‍ നിന്ന് നോട്ട് മാറ്റിയെടുക്കുന്നതിന് തടസ്സമില്ല. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വികലാംഗര്‍ക്കും പ്രത്യേക പരിഗണന ബാങ്കുകള്‍ നല്‍കുകയും വേണം.
വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 30-നകം ഈ നോട്ടുകള്‍ ആര്‍ബിഐ റീജ്യണല്‍ ഓഫീസുകളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ മാറ്റിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍ ബാങ്കുകള്‍ ഒരു തരത്തിലുള്ള ഫീസും ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്.