KeralaNews

‘ദിലീപിനെ തൂക്കിക്കൊന്നാല്‍ ഇവര്‍ക്കൊക്കെ തൃപ്തിയാകുമോ’: രോഷത്തോടെ സജി നന്ത്യാട്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി ഇല്ലാക്കഥകളാണ് ചിലര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. കേസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു കഥയാണ് ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മലപ്പുറം വേങ്ങരയില്‍ പോയി ഒരു രാഷ്ട്രീയ നേതാവിനെ പോയി കണ്ടുവെന്നുള്ളത്. വേങ്ങരയിലാണെങ്കില്‍ ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് ആയിരിക്കുമല്ലോ.

കോടതിയില്‍ ഇരിക്കുന്ന കേസിന് ഭരണമില്ലാത്ത മുസ്ലിം ലീഗ് നേതാവിനെ പോയി കാണേണ്ട ആവശ്യമെന്താണ്. ഇത്തരത്തില്‍ എന്തെല്ലാം പച്ചകള്ളമാണ് ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും ശ്രീജിത്ത് പോയപ്പോഴും ഇത്തരത്തിലുള്ള സമാനമായ പ്രചരണമാണ് നടക്കുന്നത്. ശ്രീജിത്ത് പോയതോടെ ഈ കേസും പാടെയങ്ങ് പോയെന്നാണ് ഇപ്പോഴത്തെ പ്രചരണം. സ്വാഭാവികമായ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. എത്രയാളെ മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുമതല മാത്രമല്ലല്ലോ മാറ്റിയതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

അദ്ദേഹം ഈ അന്വേഷണത്തിന്റെ തലവനായിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു. അന്വേഷിക്കുന്ന 11 പേരില്‍ 10 പേരും അവിടെ തന്നെയുണ്ട്. എന്നിട്ടും എന്തൊക്കെയാണ് ഇവിടെ പരഞ്ഞ് പരത്തുന്നത്. ഇവര്‍ പറയുന്നതെല്ലാം അനുസരിച്ച് ദിലീപിനെയങ്ങ് തൂക്കിക്കൊന്നാല്‍ ഇവര്‍ക്ക് തൃപ്തിയാകുമോ. കോടതി പക്ഷപാതിത്തത്തോടെ പെരുമാറുന്ന എന്നൊക്കെ പറയുന്നു നിയമം അറിയുന്ന അഭിഭാഷകരൊക്കെയാണ്.

കോടതി കണ്ണടച്ചങ്ങ് വിധി പറയണം എന്നാണോ ഇവരൊക്കെ പറയുന്നത്. എന്തൊരു വിരോധാഭാസമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പിആര്‍ വര്‍ക്കിന് വേണ്ടി കുറച്ച് പേരെ ഇറക്കി വിട്ടിട്ടുണ്ട്. കോടതിക്കെതിരെയൊക്കെ എന്തെല്ലാം ആക്ഷേപമാണ് ഉയര്‍ത്തുന്നത്. അനാവശ്യമായ ആരോപണങ്ങള്‍ ഉയര്‍ത്തിയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുമാണ് ഇവരുടെ മുന്നോട്ട് പോക്ക്.

ശ്രീജിത്ത് എന്ന് പറയുന്നയാള്‍ മോശക്കാരനല്ല, അതുപോലെ പകരം ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്ക് വരുന്നയാളെന്താണ് മോശക്കാരനാണോ. കേരളത്തിലെ സര്‍ക്കാര്‍ ദിലീപിന് വേണ്ടിയാണ് ശ്രീജിത്തിനെ മാറ്റിയതെന്ന് പറയുന്നതെങ്കില്‍ അതിലും വലിയ വൃത്തിക്കേട് വേറെയുണ്ടാവില്ല. അങ്ങനെ സര്‍ക്കാര്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നെങ്കില്‍ ദിലീപ് ജയിലില്‍ പോവുമോയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിലേക്ക് രാഷ്ട്രീയം കൊണ്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം മാറ്റിയത് നിരവധിയാണ്. ക്രൈം ബ്രാഞ്ചിനൊപ്പം വിജിലന്‍സ്, ജയില്‍ എന്നീ വകുപ്പുകളുടെ തലപ്പത്തും മാറ്റം ഉണ്ടായിട്ടുണ്ട്. ഒരാളെ മാത്രമാണ് മാറ്റിയതെങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കാം. നേരേ മറിച്ച് പൊതുവായ ഒരു മാറ്റം വന്നപ്പോള്‍ അതില്‍ ദുഷ്ടലാക്ക് കണ്ടുകൊണ്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

ഞങ്ങള്‍ക്കാര്‍ക്കും രാഷ്ട്രീയം ഇല്ല. ഞാന്‍ സി പി എമ്മും കോണ്‍ഗ്രസും അല്ല. ഒരു കാലത്ത് ഞാന്‍ കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയിലുമില്ല. കോടതിയില്‍ ഇരിക്കുന്ന കേസില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. എസ് ശ്രീജിത്ത് പോയെങ്കില്‍ അദ്ദേഹത്തെപ്പോലെ കഴിവുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ട്. എന്നിട്ടും സമ്മര്‍ദ്ദ രാഷ്ട്രീയ തന്ത്രമാണ് ഇവിടെ നടക്കുന്നത്. കോടതിയെ സ്വാധീനിക്കാനുള്ള ശ്രമമാണ്. അതേക്കുറിച്ച് സുപ്രീംകോടതി വരെ കഴിഞ്ഞ ദിവസം ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

സ്വാധീനം ചെലുത്തപ്പെടും എന്നതിനാല്‍ വിദേശത്ത് നടക്കുന്ന ഒരു കേസും അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ല. ഇവിടെ ജൂഡീഷ്യല്‍ സംവിധാനത്തെ കയറി അക്രമിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ വിധി ദിലീപിന് എതിരാണെന്നും പറഞ്ഞായിരുന്നു ഇവിടുത്തെ പ്രചരണം. എന്നാല്‍ ഇവിടെ ഒരു അത്ഭുതവും സംഭവിച്ചിട്ടില്ല. വിധി ദിലീപിന് അനുകൂലവുമുല്ല, പ്രതികൂലവുമല്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേര്‍ക്കുന്നു.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ ക്രൈംബ്രാഞ്ച് തലപ്പത്ത് സര്‍ക്കാര്‍ മാറ്റം വരുത്തിയതില്‍ ആശങ്ക രേഖപ്പെടുത്തി വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. കേസിലെ ഇതുവരെയുളള എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്ന തരത്തിലുളളതാണ് ഈ അഴിച്ച് പണിയെന്ന് ഡബ്ല്യൂസിസി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് എഡിജിപി ശ്രീജിത്തിനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ മാറ്റിയത്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനടക്കമുളള നീക്കങ്ങളും കോടതിയില്‍ നിന്നുളള വിമര്‍ശനങ്ങളും മറ്റുമാണ് എസ് ശ്രീജിത്തിനെ മാറ്റാനുളള കാരണമെന്നാണ് കരുതുന്നത്. ഷേഖ് ദര്‍വേശ് സാഹിബ് ആണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. അവസാന ഘട്ടത്തിലെ ഈ അഴിച്ച് പണിയോടെ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്നുളള ആശങ്കയാണ് ഉയരുന്നത്.

ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: ” ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്.

വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തു നിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. #Avalkkoppam

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button