KeralaNews

‘എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കുന്ന അഴിച്ചുപണി’, ക്രൈംബ്രാഞ്ച് തലപ്പത്തെ മാറ്റത്തിനെതിരെ ഡബ്ല്യൂസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ ക്രൈംബ്രാഞ്ച് തലപ്പത്ത് സര്‍ക്കാര്‍ മാറ്റം വരുത്തിയതില്‍ ആശങ്ക രേഖപ്പെടുത്തി വിമന്‍ ഇന്‍ സിനിമ കളക്ടീവ്. കേസിലെ ഇതുവരെയുളള എല്ലാ പ്രതീക്ഷകളേയും അട്ടിമറിക്കുന്ന തരത്തിലുളളതാണ് ഈ അഴിച്ച് പണിയെന്ന് ഡബ്ല്യൂസിസി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു.

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് എഡിജിപി ശ്രീജിത്തിനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ മാറ്റിയത്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനടക്കമുളള നീക്കങ്ങളും കോടതിയില്‍ നിന്നുളള വിമര്‍ശനങ്ങളും മറ്റുമാണ് എസ് ശ്രീജിത്തിനെ മാറ്റാനുളള കാരണമെന്നാണ് കരുതുന്നത്. ഷേഖ് ദര്‍വേശ് സാഹിബ് ആണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. അവസാന ഘട്ടത്തിലെ ഈ അഴിച്ച് പണിയോടെ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്നുളള ആശങ്കയാണ് ഉയരുന്നത്.

ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: ” ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്.

വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തു നിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. #Avalkkoppam

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് ഒന്നര മാസത്തെ കൂടി സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് വിവാദമായിരിക്കുകയാണ്.

ഷെയ്ഖ് ദര്‍വേസ് ആണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. പുതിയ മേധാവി ചുമതലയേറ്റ് കേസിന്റെ നാള്‍വഴികള്‍ പഠിച്ചതിന് ശേഷമേ തുടരന്വേഷണം മുന്നോട്ട് പോകൂ എന്നതാണ് നിലവിലെ സ്ഥിതി. ക്രൈംബ്രാഞ്ച് കാവ്യാ മാധവനെ ചോദ്യം ചെയ്യല്‍ അടക്കമുളള നിര്‍ണായക നീക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് തലപ്പത്തുളള അഴിച്ച് പണി. പ്രതികളെ രക്ഷിക്കാനുളള നീക്കമാണ് ഇതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ദീദി ദാമോദരന്റെ കുറിപ്പ് വായിക്കാം: ” പതിവ് പോലെ എനിക്ക് ഞെട്ടലില്ല, ഖേദമേയുള്ളു. കേസന്വേഷണം തീരാനുകുന്നതിന് തൊട്ടു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്നും മാറ്റുക – ഈ പതിവ് മാതൃക നടി ആക്രമിക്കപ്പെട്ട കേസിലും ആവര്‍ത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ. പ്രബലര്‍ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം. ഓര്‍മ്മയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് മുതല്‍ ഇതു കണ്ടതാണ്. പിന്നെ നീതി മുഖം മൂടിയിട്ട എത്രയോ കേസുകള്‍.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു കലാകാരി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാക്കും എന്ന തോന്നല്‍ പലവുരു ഉളവാക്കി. ലോകം മാറിപ്പോയോ എന്ന് നമ്മള്‍ അതിശയം കൊണ്ടു. എന്നാല്‍ ആചാരം തെറ്റിക്കാതെ നമ്മുടെ അധികാര ചരിത്രത്തില്‍ കൊടിയ അന്യായങ്ങള്‍ ചൂട്ടുപിടിയ്ക്കുന്നത് നാം വീണ്ടും കണ്ടു . ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. കാരണം ഇത് ആണുങ്ങളുടെ ലോകമാണ്.കോടതിയിലായാലും പോലീസിലായാലും രാഷ്ട്രീയ പാര്‍ട്ടിയിലായാലും.

അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമായി മാറുന്നത്. അതിനായി ചാനല്‍ ചര്‍ച്ചകളില്‍ പോലും നീതിയുടെ വായടപ്പിക്കാന്‍ അനീതിക്ക് കപ്പം വാങ്ങിയവരുണ്ടാകുന്നത്. ആരുമെന്താ ഒന്നും മിണ്ടാതിരിക്കുന്നത് എന്ന് കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ത്രീകളോട് തന്നെ നിരന്തരം ചോദ്യം ചോദിക്കുന്നതിലാണ് സമൂഹത്തിന്റെ ആനന്ദം. അതൊന്നും നമ്മെ കാലാകാലമായി ഭരിക്കുന്ന ആണ്‍രാഷ്ട്രീയ പാര്‍ട്ടികളുടെയോ സിനിമകക്കത്തും പുറത്തുമുള്ള സാംസ്‌കാരിക നായകരുടെയോ സംഘടനാ പ്രമാണികളുടെയോ ചുമതലയല്ല എന്നാണ് ഇവര്‍ക്ക് തോന്നുന്നത്.

നല്ല കാര്യം. അതിനോടൊക്കെ ഒരു നല്ല നമസ്‌കാരമേ പറയാനുള്ളൂ. എത്ര മൂടി വച്ചാലും സത്യം പുറത്തു വന്നുകൊണ്ടേയിരിക്കും , നീതി നടപ്പായാലും ഇല്ലെങ്കിലും. അത് കനല്‍ പോലെ ജ്വലിക്കും. അന്യായങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. അത് അധികാരികള്‍ക്ക് സ്വസ്ഥത തരില്ല. നിശബ്ദതയുടെ പ്രവാഹം ലംഘിച്ച് സത്യം വിളിച്ചു പറയുന്ന ഒരു ആനിരാജയും കെ.കെ.രമയും , നിതാന്ത പോരാളിയായി കെ. അജിതയുമുണ്ടായില്ലേ. അതാണ് ലിംഗ രാഷ്ട്രീയം .

അത് എല്ലാ വ്യവസ്ഥാപിത പാര്‍ട്ടികളുടെയും ഹൃസ്വദൃഷ്ടികള്‍ക്കപ്പുറത്താണ്. അതിലാണ് പ്രത്യാശ, അതാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് . ലിംഗനീതി കെട്ടുപോകാത്ത കാലത്തോളം അതിനങ്ങിനെ മണ്ണിട്ട് മൂടാമെന്ന് ആരും വ്യാമോഹിയ്‌ക്കേണ്ട . ഈ കോടതികളൊന്നും അവസാനവാക്കല്ല. ഞങ്ങള്‍ പോരാട്ടം തുടരും. കഥകളില്‍ എന്ന പോലെ എന്നും രാക്ഷസന്‍ തന്നെ ജയിച്ചു കൊള്ളണമെന്നില്ലല്ലോ #അവള്‍ക്കൊപ്പം”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker