മാനന്തവാടി: വയനാടിനെ വിറപ്പിച്ചുകൊണ്ട് മാനന്തവാടിയിലെ ജനവാസമേഖലയില്‍ എത്തിയത് കര്‍ണാടകയില്‍ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയ ആനയെന്ന് സ്ഥിരീകരിച്ചു. ‘ഓപ്പറേഷന്‍ ജംബോ’ എന്ന ദൗത്യത്തിലൂടെ കര്‍ണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയ ആനയാണിതെന്ന് സ്ഥിരീകരിച്ചു. പിടികൂടിയ ആനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂര്‍ വനാതിര്‍ത്തിയായ മൂലഹൊള്ളയില്‍ തുറന്നുവിടുകയായിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്.
ആനയെ ജനുവരി 16-നാണ് കര്‍ണാടക വനംവകുപ്പ് പിടികൂടിയത്. പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്. സ്ഥിരമായി കാപ്പിത്തോട്ടങ്ങളില്‍ കറങ്ങിനടക്കുന്ന ശല്യക്കാരായിരുന്നു ഈ ആന എന്നാണ് വിവരം.
മാനന്തവാടിയില്‍ നിരോധനാജ്ഞ
കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ സി.ആര്‍.പി.സി. 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളിലും മാനന്തവാടി നഗരസഭയിലെ 24, 25, 26, 27 ഡിവിഷനുകളിലുമാണ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജനവാസമേഖലയിലെത്തിയ കാട്ടാന ഇപ്പോഴും പിന്‍വാങ്ങിയിട്ടില്ല. ഒരു മണിക്കൂറിലേറെയായി ആന ഒരേ സ്ഥലത്ത് തുടരുകയാണ്.സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കരുതെന്നും ആനയുടെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പുകള്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നേരത്തേ നല്‍കിയിരുന്നു. ആനയെ തിരികെ കാടുകയറ്റാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കണിയാരത്ത് കാട്ടാനയെത്തിയത്. ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഗോദാവരി കോളനിക്കു സമീപവും കണിയാരം ലക്ഷം വീട് കോളനിക്കു സമീപത്തെ വയലിലും ആനയെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെയാണ് പായോട്കുന്നില്‍ പ്രദേശവാസികള്‍ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാന്‍സ് കോളേജ്, എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ്, മിനി സിവില്‍ സ്റ്റേഷന്‍, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പോലീസ് സ്റ്റേഷനു മുന്നിലെത്തി. ആനയെ പടക്കം പൊട്ടിച്ച് അകറ്റാന്‍ വനപാലകരും പോലീസും ശ്രമിക്കുന്നുണ്ട്. ആന ഇതുവരെ പ്രകോപനമൊന്നും ഉണ്ടാക്കിയിട്ടില്ല.