കോതമംഗലം: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ചതുരാകൃതിയിലുള്ള ആഴം കുറഞ്ഞ കിണറ്റിലാണ് ആന വീണത്. കിണറിന്റെ വശങ്ങൾ കുത്തിയിടിച്ച് പുറത്തുകടക്കാൻ ആന സ്വയം ശ്രമിക്കുകയാണ്. ഇതോടെ നാട്ടുകാരെ പരിസരത്തുനിന്നും പൊലീസ് ഒഴിപ്പിച്ചു. ആനയുടെ ശരീരത്തിലാകെ പരുക്കുകളുണ്ടെന്നാണു വിവരം.
കൃഷിയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ ഇന്നലെ രാത്രിയാണ് ആന വീണത്. പുലർച്ചയോടെ നാട്ടുകാരാണ് കിണറ്റിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാന ശല്യം രൂക്ഷമാണെന്നും ആന ഇറങ്ങാതിരിക്കാനുള്ള നടപടികൾ പ്രഖ്യാപനം മാത്രമായെന്നും നാട്ടുകാർ പറഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായി.
ആന വീണ കിണർ കുടിവെള്ള സ്രോതസാണെന്നും ആനയെ കരയ്ക്കു കയറ്റിയാലും കിണർ വൃത്തിയാക്കി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കിണർ വൃത്തിയാക്കും വരെ അധികൃതർ കുടിവെള്ളം എത്തിച്ചുനൽകണമെന്നാണു നാട്ടുകാരുടെ ആവശ്യം