32.3 C
Kottayam
Saturday, April 20, 2024

കണ്ണൂരില്‍ കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തില്‍ വിലസുന്നു; ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Must read

കണ്ണൂര്‍: ഇരിട്ടിയിലെത്തിയ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തില്‍ വിലസുന്നു. ഇതോടെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പായം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഉദയഗിരി, മലപൊട്ട്, പെരിങ്കരി, മട്ടിണി, വാര്‍ഡുകളിലെ പ്രദേശങ്ങളില്‍ കാട്ടാനക്കൂടം കറങ്ങി നടക്കുന്നത്. പെരിങ്കരി, മട്ടിണി, കൂട്ടുപുഴ, കിളിയന്ത്ര, വള്ളിത്തോട്, ഉദയഗിരി, മലപൊട്ട്, ഭാഗങ്ങളില്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഈ ഭാഗങ്ങളില്‍ യാത്ര പൂര്‍ണമായും ഒഴിവാക്കണം. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പടക്കം പൊട്ടിച്ചും മറ്റും ഒരു ആനയെ പുഴ കടത്തി വനത്തിലേക്ക് തുരത്തിയെങ്കിലും രണ്ട് ആനകള്‍ ജനവാസ കേന്ദ്രത്തില്‍ ഉണ്ട്. ഇവയെയും തുരത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി നാശം വിതച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്കു നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കൊമ്പന്‍ അടക്കമുള്ള മൂന്ന് കാട്ടാനകള്‍ കര്‍ണാടക വനത്തില്‍ നിന്നും പെരട്ട വഴി പെരിങ്കരിയില്‍ എത്തിയത്.

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിരവധി ബൈക്കുകളും ഒരു ടിപ്പര്‍ ലോറിയും ഒരു ജെസിബിയും തകര്‍ന്നു. ജെസിബി ആക്രമിക്കുന്നതിനിടെ ഒരു കാട്ടുകൊമ്പന്റെ കൊമ്പ് ഒടിഞ്ഞു നിലത്തു വീണു. പ്രദേശത്തു വ്യാപകമായി നാശമുണ്ടായി. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week