31.1 C
Kottayam
Friday, May 3, 2024

ടിപ്പുവിൻ്റെ സിംഹാസനവും മോശയുടെ പേടകവും യേശുവിനെ ഒറ്റിയ 30 വെള്ളിക്കാശിൽ ഒന്നും സ്വന്തമായുണ്ടെന്ന് അവകാശവാദം, 10 കോടിയുടെ തട്ടിപ്പിൽ മോന്‍സണ്‍ മാവുങ്കൽ പിടിയിൽ

Must read

കൊച്ചി:പത്ത് കോടി രൂപയുടെ തട്ടിപ്പ് കേസിൽ ചേർത്തല സ്വദേശി മോൻസൻ മാവുങ്കലിനെ ക്രൈംംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. അഞ്ചു പേരിൽ നിന്ന് 10 കോടി രൂപയാണ് തട്ടിയെടുത്തത്. സംസ്ഥാനത്തെ നിരവധി പ്രമുഖരുമായി ബന്ധമുള്ളയാളാണ് മോൻസൻ മാവുങ്കൽ. ഇയാളുടെ കലൂരിലെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്.

2,62,000 കോടി രൂപ തന്റെ ബാങ്ക് അക്കൗണ്ടിലെത്തി. അത് തിരിച്ചെടുക്കുന്നതിന് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അതിനുവേണ്ടി സഹായം ചെയ്തു നൽകിയാൽ ബിസിനസ് സംരംഭങ്ങൾക്ക് താൻ പലിശ രഹിതവായ്പ നൽകാമെന്ന വാഗ്ദാനം നൽകിയാണ് മോൻസൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ശനിയാഴ്ച ചേർത്തലയിൽ നിന്നാണ് മോൻസൻ മാവുങ്കലിനെ കൊച്ചിയിൽ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടോടുകൂടി ഇയാളെ കോടതിയിൽ ഹാജരാക്കും.

അഞ്ചു പേരിൽ നിന്ന് 10 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്ന പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസുകൾ ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരിൽനിന്നും ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തുകയായിരുന്നു ഇയാൾ. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതും ആണെന്നാണ് ഇയാൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ പലതിലും തട്ടിപ്പുണ്ടെന്നാണ് ഇയാൾക്കെതിരായ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കൊച്ചി കലൂരിലാണ് പുരാവസ്തു കേന്ദ്രമുള്ളത്.

അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ഉന്നതരായ പലരേയും ചൂണ്ടിക്കാണിച്ച് അവരുമായുള്ള ബന്ധം വ്യക്തമാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. കൂടാതെ ഇയാൾക്ക് ചില സിനിമാ ബന്ധങ്ങളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week