KeralaNews

മസിനഗുഡിയിൽ കാട്ടാന ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു

നീലഗിരി: കാട്ടാന ആക്രമണത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ഗൂഡല്ലൂരിലും മസിനഗുഡിയിലുമായാണ് ആക്രമണമുണ്ടായത്. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്.

ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാല് മണിക്കുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്.

കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് മരണങ്ങളുണ്ടാകുന്നത് കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞയാഴ്ച കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ശക്തമായ സമരത്തിനിറങ്ങിയിരുന്നു.

വന്യമൃഗങ്ങളുടെ ആക്രമണം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് പല തരത്തിലുള്ള മാര്‍ഗങ്ങളും അവലംബിക്കുന്നതിനെ കുറിച്ചും യോഗം വിലയിരുത്തിയിരുന്നു. എന്നാൽ, ഇപ്പോഴും വന്യമൃഗങ്ങളുടെ ആക്രമണം തീരാദുരിതമായി തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button