കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച ‘പങ്കാളികളെ കൈമാറല്‍’ കേസിലെ പരാതിക്കാരിയുടെ അരുംകൊലയില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സംസ്ഥാനത്തും സജീവമാണെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഭര്‍ത്താവ് ഉള്‍പ്പെട്ട, പങ്കാളികളെ കൈമാറുന്ന സംഘത്തെക്കുറിച്ച് ഒരു വ്‌ളോഗറോടാണ് യുവതി ആദ്യം വെളിപ്പെടുത്തിയത്.
വ്‌ളോഗര്‍ യുവതിയുടെ സംഭാഷണം പുറത്തുവിട്ടതോടെ സംശയം തോന്നിയ സഹോദരന്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും പിന്നീട് യുവതിയുമായെത്തി കോട്ടയം കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
താന്‍ മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കാണുന്നതാണ് ഭര്‍ത്താവിന്റെ സന്തോഷമെന്നായിരുന്നു യുവതി അന്ന് വ്‌ളോഗറോട് വെളിപ്പെടുത്തിയിരുന്നത്. ‘ഇതൊക്കെ എന്റെ മനസില്‍വെച്ചാല്‍ മാനസികമായി ബുദ്ധിമുട്ട് തോന്നും. അതുകൊണ്ട് വിളിച്ചതാണ്. കല്യാണം കഴിഞ്ഞത് തൊട്ട് ഒരുപാട് ഉപദ്രവങ്ങള്‍ നടക്കുന്നുണ്ട്. ഭര്‍ത്താവും മക്കളുമായി ഒരുമിച്ചാണ് താമസം. എന്നാല്‍, ഭര്‍ത്താവില്‍നിന്ന് ഉപദ്രവം മാത്രമേ കിട്ടിയിട്ടുള്ളൂ. മക്കളുമായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ജീവിച്ചുപോകുവാണ്’, എന്നായിരുന്നു യുവതിയുടെ വാക്കുകള്‍.
2018 മുതല്‍ ഭര്‍ത്താവ് ഉപദ്രവിക്കുന്നുണ്ടെന്നായിരുന്നു യുവതി അന്ന് പറഞ്ഞിരുന്നത്. ലൈഫ് എന്‍ജോയ് ചെയ്ത് പോകണമെന്നാണ് പുള്ളിയുടെ ആഗ്രഹം. ലൈഫ് എന്‍ജോയ് ചെയ്യണമെന്നതിലൂടെ പുള്ളി ഉദ്ദേശിക്കുന്നത് ത്രീസം, ഫോര്‍സം എന്നതൊക്കെയാണ്. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതാണ് പുള്ളിയുടെ എന്‍ജോയ്‌മെന്റ്. നീ വേറെ ഒരാളുടെ കൂടെ കിടക്കുന്നത് എനിക്ക് കാണണമെന്നായിരുന്നു ഭര്‍ത്താവ് പറഞ്ഞത്.
കപ്പിള്‍സ് മീറ്റ് നടത്തണം, മറ്റുള്ളവര്‍ ഭാര്യമാരുമായി വരും, നമ്മളും പോകണം എന്നെല്ലാമാണ് ഭര്‍ത്താവ് യുവതിയോട് പറഞ്ഞിരുന്നത്. അത്രയുംകാലം ഇതൊക്കെ പറയുകയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് തന്നെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങി. കുറേപേരെ വിളിച്ചുവരുത്തി തന്റെ കൂടെ കിടത്തി. ഒന്നുംരണ്ടും അല്ല, കുറേപ്രാവശ്യം. ബഹളമുണ്ടാക്കിയാല്‍ തന്റെ ജീവിതം നരകിക്കും എന്നായിരുന്നു ഭീഷണി.
ഇപ്പോഴും അതുപോലെ ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി വ്‌ളോഗറുമായുള്ള സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതൊന്നും വേണ്ട, നിര്‍ത്തിയേക്കാം എന്ന് പറഞ്ഞപ്പോള്‍ നീ ഒരുത്തന്റെ കൂടെ കിടക്കുന്നത് കണ്ടാലാണ് എനിക്ക് സന്തോഷം കിട്ടുന്നതെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നും ആത്മഹത്യാഭീഷണി മുഴക്കിയതായും യുവതി അന്ന് വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം വീട്ടുകാരോട് പറഞ്ഞപ്പോള്‍ താന്‍ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു അയാളുടെ മറുപടി. ഒരിക്കല്‍ പോലീസില്‍ കേസ് കൊടുത്തിരുന്നു. അന്ന് കൗണ്‍സിലിങ് എല്ലാം നല്‍കി പറഞ്ഞയച്ചു. പിന്നെ കുഴപ്പമുണ്ടായില്ല. എന്നാല്‍ പിന്നീട് വീണ്ടും തുടങ്ങി. ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇനി ഭര്‍ത്താവിനൊപ്പം പോകേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു.
യുവതിയുടെ പരാതി ലഭിച്ചതോടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടി. പങ്കാളികളെ കൈമാറുന്ന സംഘത്തില്‍പ്പെട്ട ഒമ്പതു പേര്‍ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തല്‍. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണെന്നും സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ ഗ്രൂപ്പുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അന്നത്തെ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടുകയും റിമാന്‍ഡിലാവുകയും ചെയ്തു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് യുവതിയുമായി രമ്യതയിലെത്തുകയും വീണ്ടും ഒരുമിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. ഇതിനിടെ ഭര്‍ത്താവ് വീണ്ടും പങ്കാളികളെ കൈമാറുന്ന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ വീണ്ടും നിര്‍ബന്ധിച്ചു. ഇതോടെ ഭര്‍ത്താവുമായി തെറ്റിയ യുവതി സ്വന്തം വീട്ടിലേക്ക് തിരികെയെത്തി. തുടര്‍ന്ന് യുവതിയെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിമുഴക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി ഭര്‍ത്താവ് യുവതിയെ വെട്ടിക്കൊന്നത്.