പങ്കാളികളെ കൈമാറല്‍: കൂട്ടായ്മ തുടങ്ങിയത് കോട്ടയത്തെ ഉദ്യോഗസ്ഥ ദമ്പതികള്‍

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തില്‍ അന്വേഷണം വമ്പന്മാരിലേക്കും നീളുന്നു. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സ്വാധീനത്തില്‍ സമൂഹ മാധ്യമ കൂട്ടായ്മിലെത്തിയവര്‍ പണം വാങ്ങിയാണ് പലരും ഭാര്യമാരെ പരസ്പരം കൈമാറിക്കൊണ്ടിരുന്നത്. വ്യവസായികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, സെലിബ്രിറ്റികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, ഐടി പ്രഫഷണലുകള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്.

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്നുമുള്ള അംഗങ്ങള്‍ ഗ്രൂപ്പുകളില്‍ സജീവമായിട്ടുണ്ടെങ്കിലും കോട്ടയം ജില്ലയിലെ ചിലരായിരുന്നു സംഘത്തിന്റെ ഏകോപനം നിര്‍വഹിച്ചിരുന്നത്. പ്രതികളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ പോലീസിന്റെ അന്വേഷണം വമ്പന്മാരിലേക്കും നീളാം. സംഭവത്തില്‍ കോട്ടയം കറുകച്ചാലില്‍ നിന്നും അഞ്ചുപേരും എറണാകുളത്തു നിന്നും മറ്റൊരാളും ഇതുവരെ പിടിയിലായിക്കഴിഞ്ഞു. ഇനി മൂന്നു പേരാണ് പിടിയിലാകാനുള്ളത്. ഇവരില്‍ ഒരാള്‍ സൗദ്യ അറേബ്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.

ഭര്‍ത്താവടക്കം ഒമ്പത് പേരാണ് യുവതിയെ ലൈംഗികമായും പ്രകൃതിവിരുദ്ധമായും പീഡിപ്പിച്ചത്. വിവരങ്ങളറിഞ്ഞ സഹോദരന്‍ യുവതിയുമായി എട്ടിനു കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മറ്റും പരിശോധിച്ചതില്‍നിന്ന് 14 സമൂഹമാധ്യമ കൂട്ടായ്മകളുമായി പിടിയിലായവര്‍ക്കു ബന്ധമുണ്ടെന്നും പങ്കാളികളെ പരസ്പരം കൈമാറുന്നതിനായി മാത്രം പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ആണിതെന്നും പോലീസിനു വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ സംഘങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു പോലീസ് നിഗമനം.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. 1500 മുതല്‍ 2000 അംഗങ്ങള്‍ വരെ ഓരോ കൂട്ടായ്മയിലുമുണ്ട്. സമൂഹത്തിലെ ഉന്നതരടക്കമുള്ളവര്‍ ഇത്തരം സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെക്‌സ് റാക്കറ്റുകളടക്കം ഇത്തരം ഗ്രൂപ്പുകളില്‍ പങ്കാളികളാണ്. നവദമ്പതികള്‍ മുതല്‍ വിവാഹിതരായി ഇരുപത് വര്‍ഷം എത്തിയവര്‍ വരെ കൂട്ടായ്മയില്‍ അംഗങ്ങളാണ്.

വയസും ഇതിനോടു ചേര്‍ന്നു വ്യാജപ്പേരുകളും എന്ന രീതിയിലാണു പ്രൊഫൈല്‍ സൃഷ്ടിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ടു സ്ത്രീകളടക്കം നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവര്‍ ഉള്‍പ്പെടെ 40 പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. കോട്ടയത്തെ ഒരു പ്രമുഖ ഉദ്യോഗസ്ഥ ദന്പതികളാണ് ആദ്യമായി കൂട്ടായ്മ തുടങ്ങിയതെന്ന നിഗമനത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News