കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു; മൃതദേഹത്തോടൊപ്പം യുവതി കഴിഞ്ഞത് ഒരാഴ്ച! ഒടുവില്‍ യുവതിയും കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍

ഫരീദാബാദ്: ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊന്നുതള്ളിയ യുവതിയും അവരുടെ കാമുകനും അയാളുടെ സുഹൃത്തുക്കളും അറസ്റ്റില്‍. ഫരീദാബാദിന് സമീപം സൈനിക് കോളനിയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. അതേസമയം, അറസ്റ്റിലായ യുവതിയുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ കാമുകന്‍ നിതിന്‍, കൊലപാതകത്തിനായി കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ ഹര്‍ജീത് സിംഗ്, ക്വട്ടേഷന്‍ സംഘാംഗങ്ങളും നിതിന്റെ കൂട്ടുകാരുമായ രണ്ടുപേര്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം 12നായിരുന്നു യുവതിയുടെ ഭര്‍ത്താവ് ദിനേഷിനെ സംഘം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ദിനേഷിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ നിതിനുമായി യുവതിക്ക് ഏറെ നാളായി വിവാഹേതര ബന്ധം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇക്കാര്യം യുവതിയുടെ ഭര്‍ത്താവ് ദിനേഷിനും അറിയാമായിരുന്നു. ഇതിന്റെ പേരില്‍ നിരന്തരം ഇരുവരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും നടന്നിരുന്നു.

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് തടസമാണെന്ന് വ്യക്തമായതോടെയാണ് അയാളെ വകവരുത്താന്‍ യുവതി തീരുമാനിച്ചത്. കാമുകനായ നിതിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിതിന്‍ ആവശ്യപ്പെട്ടതനുസരിച്ചു ഹര്‍ജീത് സിംഗാണ് ക്വട്ടേഷനുളള ആള്‍ക്കാരെ കണ്ടെത്തിക്കൊടുത്തത്. സംഘത്തില്‍ നിതിന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. 41,000രൂപയായിരുന്നു പ്രതിഫലം.

ദിനേഷിന്റെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി യുവതി താമസിക്കുന്ന വീട്ടിന്റെ കുളിമുറിയില്‍ സൂക്ഷിച്ചു. ആരും അറിയാതെ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇവര്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. ഒരാഴ്ചയോളം മൃതദേഹം വീട്ടില്‍ത്തന്നെ സൂക്ഷിക്കേണ്ടി വന്നു. ഒടുവില്‍ ദുര്‍ഗന്ധം വമിച്ചതോടെ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ മൃതദേഹം കുറച്ചകലെയുളള ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. അഴുകിയ മൃതദേഹം കണ്ടെത്തിയത്തിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ദിനേഷിന്റെ മൃതദേഹമാണ് ഇതെന്ന് വ്യക്തമായി. തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News