കിടപ്പിലായ ഭര്‍ത്താവിനെ കഴുത്തറുത്തു കൊന്ന ശേഷം കുളത്തില്‍ ചാടി ആത്മഹത്യാശ്രമം; ദുരിതം ഒഴിവാക്കാനെന്ന് ഭാര്യ

തിരുവനന്തപുരം: പത്ത് വര്‍ഷത്തോളമായി പക്ഷാഘാതം കാരണം കിടപ്പിലായിപ്പോയ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. മണവാരിക്ക് സമീപം കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തന്‍വീട് രോഹിണിയില്‍ ജ്ഞാനദാസ് (ഗോപി-72) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കുളത്തില്‍ ചാടി ആത്മഹത്യാശ്രമം നടത്തിയ ഭാര്യ സുമതിയെ (66) പോലീസ് കസ്റ്റഡിയിലെടുത്തു.

പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത ഭര്‍ത്താവിന്റെ ദുരിതം ഒഴിവാക്കാന്‍ താന്‍ കൊലപ്പെടുത്തിയതാണെന്ന് സുമതി പോലീസിനു മൊഴി നല്‍കി. സുമതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്. ചൊവ്വാഴ്ച രാവിലെ എട്ടിനും ഒമ്പതിനും മധ്യേ കൊലപാതകം നടന്നത്.

തുടര്‍ന്ന് കുളത്തില്‍ ചാടി ആത്മഹത്യക്കൊരുങ്ങിയ സുമതിയെ വയലിലെ ചാലിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സമീപത്ത് താമസിക്കുന്ന മകന്‍ സുനില്‍ദാസ് ഇവര്‍ക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പണി നടക്കുന്ന കുടുംബവീടിന്റെ സമീപത്തുള്ള കൃഷിയിടത്തിലെ ഒറ്റമുറി കെട്ടിടത്തിനുള്ളില്‍ നിലത്താണ് ജ്ഞാനദാസിന്റെ മൃതദേഹം കിടന്നിരുന്നത്. കഴുത്തറത്ത നിലയിലായിരുന്നു.

ടാപ്പിങ് തൊഴിലാളിയായ ജ്ഞാനദാസ് 10 വര്‍ഷം മുമ്പാണ് പക്ഷാഘാതമേറ്റ് ചികിത്സയിലായത്. മകനോടൊപ്പം കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് വീട് പുതുക്കിപ്പണിയാന്‍ തുടങ്ങി. ഇതോടെ ജ്ഞാനദാസും ഭാര്യയും മകള്‍ സുനിതയുടെ കൊല്ലങ്കോട് കാഞ്ഞാപുറത്തുള്ള വീട്ടിലേയ്ക്ക് മാറി.

ഇരുവരും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് കുടുംബവീട്ടിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരുന്നു. വീടിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ പുരയിടത്തിന് സമീപത്തുള്ള ഷെഡ്ഡില്‍ സജ്ജീകരണമൊരുക്കി ഇരുവരെയും താമസിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News