ന്യൂഡൽഹി: ഭർത്താവിനൊപ്പം മുമ്പ് താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക് താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി. അതിൽ ഭർത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ല. ദാമ്പത്യതർക്കവും ഗാർഹികപീഡനവുമായി ബന്ധപ്പെട്ട തരുണ്‍ ബത്ര കേസില്‍ വിധി പ്രഖ്യാപിക്കവെയാണ് കോടതിയുടെ ഈ നിര്‍ദ്ദേശം. നേരത്തെ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പ്രസ്താവിച്ച വിധി അസാധുവാക്കിയായിരുന്നു ഇപ്പോഴത്തെ വിധി.
ഭർത്താവിന് ഉടമസ്ഥാവകാശമുള്ളതോ വാടകയ്ക്കെടുത്തതോ കൂട്ടുകുടുംബസ്വത്തോ ആയ വീട്ടിൽമാത്രമേ ഭാര്യക്ക് താമസാവകാശമുള്ളൂവെന്നാണ് 2006-ലെ വിധി. എന്നാൽ, ഭർത്താവിന്റെ ബന്ധുവീടാണെങ്കിൽപ്പോലും അതിൽ ദമ്പതിമാർ മുമ്പ് താമസിച്ചതാണെങ്കിൽ ഭാര്യക്ക് തുടർന്നും താമസാവകാശമുണ്ടെന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി. ഗാർഹികപീഡന നിരോധനനിയമത്തിലെ രണ്ട് (എസ്) വകുപ്പുപ്രകാരം താമസം പങ്കിടുന്ന വീട് എന്നതിന്റെ നിർവചനമാണ് സുപ്രീംകോടതി വ്യാഖ്യാനിച്ചത്.