ചെന്നൈ: ഡോക്ടറായ ഭര്‍ത്താവ് ശരീര വേദനയ്ക്ക് ചികിത്സിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. പി.ജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിനിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. ശരീരവേദനയെ തുടര്‍ന്നാണ് ഭാര്യയ്ക്ക് ഡോക്ടറായ ഭര്‍ത്താവ് മരുന്ന് കുത്തിവെച്ചത്. എന്നാല്‍ കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അടുത്തിടെ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.
യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അവരുടെ അച്ഛനാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം പ്രാഥിക അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെട്ട യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീവ്രപരിചരണ വിഭാഗത്തില്‍ വെച്ചാണ് മരണം സംഭവിച്ചത്. മധുര മെഡിക്കല്‍ കോളജില്‍ അനസ്ത്യേഷ വിഭാഗത്തില്‍ പി.ജി വിദ്യാര്‍ഥിനിയാണ് ഹരി ഹരിനി. കഴിഞ്ഞവര്‍ഷം നവംബറില്‍ ഡോക്ടറായ അശോക് വിഗ്നേഷുമായാണ് ഹരി ഹരിനിയുടെ വിവാഹം നടന്നത്. ഹരി ഹരിനി പഠിക്കുന്ന മെഡിക്കല്‍ കോളജിലെ തന്നെ പി.ജി വിദ്യാര്‍ഥിയാണ് അശോക് വിഗ്നേഷ്.
മാര്‍ച്ച് അഞ്ചിന് പനിയും ശരീരവേദനയും അനുഭവപ്പെടുന്നു എന്ന് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ശരീര വേദന രൂക്ഷമായതോടെ, വിഗ്‌നേഷ് യുവതിയെ വീട്ടില്‍വെച്ച് ചികിത്സിക്കുകയായിരുന്നു. ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചു. ഉടന്‍ തന്നെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. ഇവിടെ വച്ച് ബോധം നഷ്ടപ്പെട്ട യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില അതീവ ഗുരുതരമായതോടെ ശനിയാഴ്ചയാണ് യുവതി മരിച്ചത്. രക്തസമ്മര്‍ദ്ദം കുറഞ്ഞതും പെട്ടെന്നുള്ള ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി യുവതിയുടെ ഭര്‍ത്താവിനെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഇവരുടെ താമസ സ്ഥലം പോലീസ് പരിശോധിക്കുകയും ചെയ്തു. ഹരി ഹരിനിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധന ഫലവും വന്ന ശേഷം കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.