CrimeNews

ഹോട്ടലുടമയെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു തള്ളി; കൊലപാതകം പുറംലോകം അറിയുന്നത് ആറു മാസങ്ങള്‍ക്ക് ശേഷം

ബംഗളൂരു: ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസില്‍ ആറു മാസങ്ങള്‍ക്ക് ശേഷം ഭാര്യയും ഹോട്ടലിലെ ജീവനക്കാരനായ ഇവരുടെ കാമുകനും അറസ്റ്റില്‍. ബെന്നാര്‍ഗട്ടയിലെ ഹോട്ടലുടമ ശിവലിംഗ എന്ന 46 കാരന്റെ മരണത്തിലാണ് ഭാര്യ ശോഭ(44) കാമുകന്‍ രാമു(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

2020 ജൂണ്‍ ഒന്നാം തീയതി ശിവലിംഗയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം അഴുകിയനിലയില്‍ മൃതദേഹം കണ്ടെടുത്തത്. എന്നാല്‍ ബന്ധുക്കള്‍ ആരും എത്താത്തതിനെ തുടര്‍ന്ന് പോലീസ് തന്നെ മൃതദേഹം സംസ്‌ക്കരിക്കുകയായിരുന്നു.

രാമുവും ശോഭയും തമ്മിലുള്ള അവിഹിത ബന്ധം ശിവലിംഗ കണ്ടെത്തിയതാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. ശിവലിംഗയെ അന്വേഷിച്ചവരോട് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപയുമായി നാടുവിട്ടെന്നാണ് ശോഭ പറഞ്ഞിരുന്നത്. പണം തീരുമ്പോള്‍ മടങ്ങിയെത്തുമെന്നും അവര്‍ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നു.

ശിവലിംഗയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കാമെന്നു പറഞ്ഞെങ്കിലും ശോഭ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെ ഹോട്ടല്‍ ജീവനക്കാരനുമായി ശോഭ അടുപ്പത്തിലാണെന്ന് ബന്ധുക്കള്‍ മനസിലാക്കിയതാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതിനു പിന്നാലെ ശിവലിംഗയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നതും പ്രതികള്‍ അറസ്റ്റിലാകുന്നതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button