കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. നോട്ടീസിലെ തുടര്‍നടപടികള്‍ക്ക് സ്റ്റേ ഇല്ല.കിഫ്ബിയുടെ എക്സ് ഓഫിഷ്യോ മെംബര്‍ ആയതു കൊണ്ട് മാത്രം തന്നെ ചോദ്യം ചെയ്യാനോ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടാനോ ആകില്ലെന്ന് ഐസകിന്‍റെ അഭിഭാഷകന്‍ വാദിച്ചു.ഫെമ ലംഘനമെന്ന പേരിലുള്ള ഇ ഡി നടപടി നിയമവിരുദ്ധമാണ്.
എന്നാല്‍.സംശയം തോന്നിയാൽ ചോദ്യം ചെയ്തു കൂടെ എന്ന് കോടതി ചോദിച്ചു.ചോദ്യം ചെയ്യണോ എന്നുള്ള സംശയം മാത്രമാണ് ഇഡിക്കുള്ളതെന്ന് ഐസക് വാദിച്ചു.എന്ത് നിയമലംഘനമാണ് താൻ നടത്തിയത് എന്ന് ഇഡി വ്യക്തമാക്കണം. എന്നാല്‍ പ്രതിയായിട്ടല്ല സാക്ഷിയായി ഒരാളെ അന്വേഷണ ഏജൻസിക്ക് വിളിച്ചുകൂടേയെന്ന് കോടതി ചോദിച്ചു.
നിലവിൽ എന്നെ കുറ്റാരോപിതനായിട്ടാണ് ഇ ഡി കണക്കാക്കുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി, പക്ഷേ എന്തിന് സംശയിക്കുന്നു എന്ന് അറിയില്ല, രണ്ട് സമന്‍സും രണ്ട് രീതിയിലാണ്. വ്യക്തിവിവരങ്ങള്‍ കൊണ്ട് വരണം എന്ന് പറയുന്നത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് എന്ന് കോടതി ചോദിച്ചു.ഈ രേഖകൾ ആവശ്യം എന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയതിനാലാണ് ആവശ്യപ്പെട്ടതെന്ന് ഇ ഡി അഭിഭാഷകൻ വ്യക്തമാക്കി.അത് അവരുടെ വിവേചനാധികാരമാണ്.ഹർജി വിശദമായി പരിശോധിക്കാൻ കഴിഞ്ഞില്ല, അതിനാല്‍ സാവകാശം വേണമെന്ന് എന്ന് ഇഡി ആവശ്യപ്പെട്ടു.
സമന്‍സ് മാത്രം ആണ് നൽകിയത് എന്ന് പറഞ്ഞ ഇഡി ,അന്വേഷണവുമായി ഐസക് സഹകരിക്കണം എന്ന് ആവശ്യപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥനെ വിശ്വാസത്തിൽ എടുക്കാൻ ഹർജിക്കാരന് സാധിക്കില്ലേയെന്നും ഇഡി ചോദിച്ചു..കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും..
അതിനിടെ ഇഡിയ്ക്കെതിരായ എം എൽ എമാരുടെ പൊതുതാൽപര്യ ഹർജി നിലനിൽക്കില്ല എന്ന് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് വാക്കാൽ പറഞ്ഞു, ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല, ഉത്തരവിനായി മാറ്റി, തുടർച്ചയായി സമൻസ് അയച്ചു കേരളത്തിലെ പദ്ധതികളെ ആട്ടിമറിക്കാൻ ആണ് ഇ ഡി ശ്രമം എന്നായിരുന്നു ഹർജിക്കാരുടെ വാദം.