പനാജി: ബെംഗളൂരു എഫ്സിയ്ക്കെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ ടീമിനെ പിൻവലിച്ചതിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. എക്സ്ട്രാ ടൈമിലെ ഗോളിനെച്ചൊല്ലിയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പിൻവലിച്ചത്. അപ്പോഴത്തെ സാഹചര്യങ്ങൾ കാരണം പെട്ടെന്നെടുത്ത തീരമാനമായിരുന്നു അതെന്നും കഴിഞ്ഞ സീസണിൽ റഫറിയായ ക്രിസ്റ്റൽ ജോൺ സമാനമായ പിഴവ് വരുത്തിയിരുന്നു’വെന്നും വുകോമനോവിച്ച് വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ ഹെദരാബാദ് എഫ്സിയ്ക്ക് എതിരെയുള്ള ഫൈനലിൽ റഫറി ക്രിസ്റ്റൽ ജോൺ ടീമിനെതിരെ വിവാദപരമായ നീക്കം നടത്തിയിരുന്നു. അന്ന് ടീമംഗങ്ങൾ പ്രതിഷേധിച്ചെങ്കിലും അന്തിമ തീരുമാനം ടീമിനനുകൂലമായിരുന്നില്ല. അത് ടീം അംഗങ്ങളേയും ആരാധകരേയും ഒരു പോലെ നിരാശപ്പെടുത്തിയിരുന്നു.
ഇത്തവണയും റഫറിയുടെ ഭാഗത്തു നിന്ന് സമാനമായ പിഴവ് ആവർത്തിച്ചപ്പോൾ തനിക്ക് പ്രതികരിക്കാതിരിക്കാനായില്ലെന്നായിരുന്നു വുകോമനോവിച്ചിന്റെ മറുപടിയെന്ന് ഐഎസ്എൽ വക്താക്കളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘അരമിനിറ്റോളം നീണ്ട ബ്രേക്കിനു ശേഷം ക്വിക്ക് ഫ്രീ കിക്കെടുക്കാനാകില്ല. സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചു കൊണ്ടുള്ള റഫറിയുടെ തീരുമാനം മത്സരത്തിന്റെ ആവേശം കെടുത്തുന്നതും ഫുട്ബോൾ നിയമത്തിനെതിരുമാണ്. ഇത്തരത്തിലൊരു പിഴവുണ്ടായപ്പോൾ ഒരു പരിശീലകനെന്ന നിലയിൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കേണ്ടി വന്നു.
മത്സരത്തിൽ നിന്നു പിൻവാങ്ങണമെന്ന് ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ടീമിന്റെ പരാതി അധികൃതർ പരിഗണിച്ചില്ല.’, ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. എന്നാൽ വുകോമനോവിച്ചിനെ നേരിൽ കണ്ട് കാരണം വ്യക്തമാക്കാൻ തങ്ങൾ ശ്രമിച്ചുവെന്നാണ് റഫറിയും മാച്ച് കമ്മീഷണറും നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
‘മത്സരവുമായി ബന്ധപ്പെട്ട് പരിശീലകന് പരാതികളുണ്ടെങ്കിൽ താനുമായി സംസാരിക്കാമെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജർ മനീഷ് അനൂപ്കുമാർ കൊച്ചാറിനെ താൻ അറിയിച്ചിരുന്നു. എന്നാൽ കോച്ചും ടീമംഗങ്ങളും ഇത് നിരസിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങി.’, റഫറി റിപ്പോർട്ടിൽ അറിയിച്ചു.
മത്സരം ബഹിഷ്കരിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വുകോമനോവിച്ചിനെ ധരിപ്പിക്കാൻ ടീം മാനേജർ വഴി ശ്രമിച്ചുവെന്നും എന്നാൽ അവർ ഡ്രസിങ് റൂമിൽ തന്നെ തുടർന്നുവെന്നും മാച്ച് കമ്മീഷണർ അമിത് ധരാപും റിപ്പോർട്ടിൽ ആരോപിച്ചു. 20 സെക്കന്റിൽ കൂടുതലുള്ള ഇടവേളയ്ക്കു ശേഷം ക്വിക്ക് ഫ്രീ കിക്ക് എടുക്കാനാകില്ലെന്ന മുൻ റഫറിമാരുടെ റിപ്പോർട്ടുകൾ വുകോമനോവിച്ച് നൽകിയ വിശദീകരണത്തിൽ ചേർത്തിട്ടുണ്ട്.