KeralaNews

മയ്യത്ത് കബറിൽ കയറാന്‍ പോലും സമ്മതിക്കാതെ വീഡിയോ എടുക്കുന്നു, മൊബൈല്‍ പിടിച്ചു വാങ്ങിയത് അതുകൊണ്ട്: മാമുക്കോയയുടെ മകൻ

കോഴിക്കോട്‌:അന്തരിച്ച നടൻ മാമുക്കോയയുടെ(Mamukkoya) അന്ത്യകർമങ്ങൾ നടക്കുന്നതിനിടെ തിക്കിത്തിരക്കി വിഡിയോ എടുത്ത് ബുദ്ധിമുട്ടുണ്ടാക്കിയ ഒരാളുടെ ഫോണ്‍ പിടിച്ചു വാങ്ങി മാറ്റേണ്ടി വന്ന സംഭവത്തിൽ വിശദീകരണവുമായി  മകൻ മുഹമ്മദ് നിസാര്‍(Muhammad Nizar).

മയ്യത്ത് കബര്‍സ്ഥാനില്‍ കയറ്റാന്‍ പോലും സമ്മതിക്കാതെ ചിലര്‍ തിക്കിത്തിരക്കി വിഡിയോ എടുക്കുന്നത് കണ്ടു. ഒടുവില്‍ ഞാന്‍ ഒരാളുടെ ഫോണ്‍ പിടിച്ചു വാങ്ങി മാറ്റേണ്ടി വന്നു. അത് കണ്ടിട്ട് ചിലര്‍ കമന്റ് പറയുന്നത് കേട്ടു. ഞാന്‍ ഒരു നടനോ രാഷ്ട്രീയക്കാരനോ അല്ല, എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന്.

സിനിമാ സീന്‍ ഒന്നും അല്ലല്ലോ എടുക്കുന്നത്. ജീവിതത്തില്‍ പെട്ടെന്ന് പ്രതീക്ഷിക്കാതെ വരുന്ന സംഭവമാണ് മരണം. ആ സമയത്ത് എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്ല. എന്റെ ഉപ്പയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുന്ന സ്ഥലത്ത് ബുദ്ധിമുട്ടുണ്ടാക്കിയപ്പോള്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. ഞാന്‍ അയാളോടും മാപ്പുപറയുന്നു എന്നാണ് മുഹമ്മദ് നിസാര്‍ പറയുന്നത്.

മാമുക്കോയക്ക് അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോടും മുഹമ്മദ് നിസാര്‍ പ്രതികരിച്ചു. ആരെങ്കിലും വരാതിരുന്നാല്‍ വിഷമം വരുന്ന ഒരാളല്ല ബാപ്പ. അതുകൊണ്ട് തീരെ വിഷമമില്ല. ഇന്നലെയും പല ചാനലുകളോടും ഇക്കാര്യം പറഞ്ഞതാണ് എന്നാണ് മുഹമ്മദ് നിസാര്‍ പറയുന്നത്.

ജോജുവും ഇര്‍ഷാദും സിദ്ധിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. മമ്മൂക്ക വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ ഉമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മോഹന്‍ലാല്‍ ജപ്പാനില്‍ ആണ്. ദിലീപ് വിളിച്ചിരുന്നു, ഇന്ന് രാവിലെ വിനീത് വിളിച്ചിരുന്നു. അദ്ദേഹം മദ്രാസില്‍ ഒരു പ്രോഗ്രാമിനിടയിലായിരുന്നു.

ഇങ്ങനെയുള്ള വിഷമങ്ങള്‍ എല്ലാര്‍ക്കും ഉണ്ടാകും. പെട്ടന്നായിരുന്നല്ലോ കബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. ഇവരൊന്നും വരുന്നതിലല്ലോ, പ്രാര്‍ഥിക്കുന്നതിലല്ലേ കാര്യം എന്നും പറയുകയാണ് മുഹമ്മദ് നിസാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button