മുംബൈ:ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ സാധിച്ചിട്ടില്ലാത്ത താരമാണ് സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം മധ്യനിരയില്‍ പ്രമുഖ താരങ്ങളെല്ലാം ഇന്ത്യന്‍ സംഘത്തിലുണ്ട്.
അവസരം നല്‍കാന്‍ ഉദ്ദേശമില്ലെങ്കില്‍ സഞ്ജുവിനെ എന്തിനാണ് ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതെന്നു തുറന്നടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഏതു റോളിലാണ് താരത്തെ ന്യൂസിലാന്‍ഡിനെതിരേ ഇറക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.
ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിര ശക്തമാണ്. ഒരുപിടി മികച്ച താരങ്ങള്‍ നിലവിലെ ടീമിന്റെ ഭാഗമാണ്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, റിഷഭ് പന്ത് എന്നിവരെല്ലാം ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ സഞ്ജു സാംസണിനെ ഏതു ബാറ്റിങ് പൊസിഷനിലാണ് കളിപ്പിക്കാന്‍ ഇന്ത്യ ഉദ്ദേശിക്കുന്നതെന്നാണ് ആകാശ് ചോപ്രയുടെ ച ചോദ്യം.
സഞ്ജു സാംസണിനെ നിങ്ങള്‍ ടീമിലെടുത്തിട്ടുണ്ട്. പക്ഷെ എവിടെയാണ് കളിപ്പിക്കാന്‍ പോവുന്നത്? കാരണം ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിലും ബാറ്റ് ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയിറങ്ങും? അവരുടെ ബാറ്റിങ് പൊസിഷന്‍ മാറ്റുകയെന്നത് സാധ്യമല്ലെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
സൂര്യകുമാര്‍ യാദവ് നാലാം നമ്പറിനു താഴെ ബാറ്റ് ചെയ്യാന്‍ പോവുന്നില്ല. ശ്രേയസ് അയ്യര്‍ 3, 4 നമ്പറുകള്‍ക്കു താഴെ കളിക്കുകയുമില്ല. ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നമ്പറിനു താഴെയും ബാറ്റ് ചെയ്യില്ല. സഞ്ജു സാംസണിനെ സംബന്ധിച്ച് നേരത്തേ ഇറങ്ങാവുന്ന ഏക പൊസിഷന്‍ ആറാം നമ്പറാണ്. പക്ഷെ ഈ പൊസിഷനില്‍ അദ്ദേഹത്തിനു കാര്യമായി തിളങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല. ടോപ്പ് ഓര്‍ഡറിലാണ് നേരത്തേ കൂടുതല്‍ റണ്‍സും നേടിയിട്ടുള്ളതെങ്കിലും ദീപക് ഹൂഡയെ വേണമെങ്കില്‍ ഇന്ത്യക്കു ആറാമനായി ഇറക്കാമെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.
ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ സഞ്ജു സാംസണിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു വിശ്രമം നല്‍കുകയായിരുന്നു വേണ്ടിയിരുന്നതെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
സമീപകാലത്തു നടന്ന ഇന്ത്യയുടെ ടി20കളിലെല്ലാം സൂര്യ ടീമിന്റെ ഭാഗമായിരുന്നു. അവസാനമായി നടന്ന ടി20 ലോകകപ്പില്‍ വിരാട് കോലി കഴിഞ്ഞാല്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും അദ്ദേഹമായിരുന്നു.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20 പേരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടിരുന്നു. വെല്ലിങ്ടണില്‍ നടക്കേണ്ടിയിരുന്ന മല്‍സരം ടോസ് പോലും നടത്താനാവാതെയാണ് വേണ്ടെന്നുവച്ചത്.
ഈ കളിയില്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ ഇലവനില്‍ അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. പക്ഷെ മല്‍സരം മഴയെടുത്തതോടെ ക്രിക്കറ്റ് പ്രേമികള്‍ നിരാശരാവുകയായിരുന്നു. ഞായറാഴ്ചയാണ് പരമ്പരയിലെ അടുത്ത മല്‍സരം.