ദോഹ: ഖത്തര്‍ ലോകകപ്പില്‍ പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യന്‍ ലോകകപ്പിന് ശേഷമുള്ള ആരാധകരുടെ നീണ്ടകാത്തിരിപ്പിനാണ് നാളെ വിരാമമാകാന്‍ പോകുന്നത്. വലിയ ആവേശത്തോടെയാണ് കായിക ലോകം ഖത്തര്‍ ലോകകപ്പിനെ കാണുന്നത്. ജിഡിപിയോളം തുക ലോകകപ്പിനായി ഖത്തര്‍ മുടക്കിയിട്ടുണ്ട്. ശീതികരിച്ച സ്റ്റേഡിയങ്ങള്‍ മുതല്‍ അത്യാഡംഭര സംവിധാനങ്ങളോടെയാണ് ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്നത്.
ഒന്നിച്ച് തോളില്‍ കൈയിട്ട് നടന്നവര്‍ പോലും തങ്ങളുടെ ഇഷ്ട ടീമിനായി തര്‍ക്കിച്ച് കലഹിച്ച് കൈയടിക്കുന്ന നാളുകളാണ് ഇനിയുള്ളത്. ഡിസംബര്‍ 18ന് ലോകകപ്പ് ആവേശം കൊടിയിറങ്ങുമ്പോള്‍ ആരാവും വിശ്വകിരീടം ചൂടുകയെന്നത് കാത്തിരുന്ന് തന്നെ കാണാം. മറ്റെല്ലാ ലോകകപ്പുകളെക്കാളും സവിശേഷമായ ലോകകപ്പാണ് ഖത്തറില്‍ നടക്കാന്‍ പോകുന്നത്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
മെസി-റൊണാള്‍ഡോ എന്നിവരുടെ അവസാന ലോകകപ്പ്
ആധുനിക ഫുട്‌ബോളിലെ രണ്ട് ഇതിഹാസങ്ങളാണ് അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇതിന് മുമ്പ് നാല് ലോകകപ്പുകളാണ് ഇരുവരും കളിച്ചത്. ഖത്തറിലേത് ഇരുവരുടേയും അവസാന ലോകകപ്പായി മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് ഖത്തറിലേത്. ഇനിയൊരു ലോകകപ്പില്‍ ഇരുവരേയും കാണാന്‍ സാധിച്ചേക്കില്ല. ചിലപ്പോള്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ തന്നെ ഇരുവരും അവസാനിപ്പിച്ചേക്കും. അതുകൊണ്ട് തന്നെ ഇരുവരുടേയും അവസാന വമ്പന്‍ പ്രകടനം കാണണമെങ്കില്‍ ഖത്തര്‍ ലോകകപ്പ് നഷ്ടമാക്കരുത്.
മിഡില്‍ ഈസ്റ്റിലെ ആദ്യ ലോകകപ്പ്
മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യത്തെ ലോകകപ്പെന്ന സവിശേഷതയും ഖത്തര്‍ ലോകകപ്പിനുണ്ട്. ഇതിന് മുമ്പ് ഏഷ്യയില്‍ ഒരു തവണ ലോകകപ്പ് നടന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും അടക്കിവാഴുന്ന ഫുട്‌ബോളില്‍ ലോകകപ്പ് ഖത്തറിലേക്കെത്തുകയെന്നത് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്ന സംഭവം തന്നെയാണ്. ഏഷ്യന്‍ രാജ്യങ്ങളിലുള്ള കൂടുതല്‍ ആരാധകരെ ഇത്തവണ ഖത്തറിലേക്ക് പ്രതീക്ഷിക്കപ്പെടുന്നു.
ആദ്യത്തെ ശൈത്യകാല ലോകകപ്പ്
ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ നടക്കുന്ന ആദ്യത്തെ ശൈത്യകാല ലോകകപ്പെന്ന സവിശേഷതയും ഖത്തര്‍ ലോകകപ്പിനുണ്ട്. പൊതുവേ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ നവംബര്‍-ഡിസംബര്‍ മാസത്തിലായാണ് ലോകകപ്പ് നടക്കുന്നത്. ഖത്തറിലെ കാലാവസ്ഥ പരിഗണിച്ചാണ് ഡിസംബര്‍ മാസത്തിലേക്ക് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചത്. ഖത്തറിലെ ചൂട് പരിഗണിച്ച് സ്റ്റേഡിയങ്ങളിലെല്ലാം ശീതീകരിച്ചിട്ടുണ്ട്.
32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പ്
32 ടീമുകളെ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന അവസാന ഫുട്‌ബോള്‍ ലോകകപ്പാണ് ഖത്തറിലേത്. അടുത്ത ലോകകപ്പ് മുതല്‍ 48 ടീമുകള്‍ ലോകകപ്പിനുണ്ടാവും. കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്നതിനായും ഫുട്‌ബോളിനെ വളര്‍ത്തുന്നതിനായുമാണ് ഫിഫ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. അടുത്ത ലോകകപ്പ് മുതല്‍ കൂടുതല്‍ മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ക്ക് സാധിക്കും. 32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പെന്ന നിലയിലും ഖത്തര്‍ ലോകകപ്പിന് പ്രാധാന്യമേറെ.
അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍
ഇത്തവണ സബ്സ്റ്റിറ്റിയൂഷന്‍ നിയമത്തിലും മാറ്റം വന്നിട്ടുണ്ട്. ഇതിന് മുമ്പ് വരെ മൂന്ന് സബ്സ്റ്റിറ്റിയൂഷനാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മുതല്‍ അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍ നടത്താന്‍ സാധിക്കും. ഇത് മത്സരഫലത്തിലും വലിയ മാറ്റമുണ്ടാക്കിയേക്കും. അവസാന സമയങ്ങളില്‍ ടീമുകളില്‍ നടത്തുന്ന അഴിച്ചുപണി മത്സരഫലത്തെ മാറ്റിമറിക്കാന്‍ സാധ്യത കൂട്ടുന്നു. അഞ്ച് സബ്സ്റ്റിറ്റിയൂഷന്‍ എങ്ങനെ മത്സരഫലത്തെ ബാധിക്കുമെന്നത് ഖത്തര്‍ ലോകകപ്പിലൂടെ കണ്ടറിയാം.
26 അംഗ ടീം
ഇത്തവണ ഖത്തര്‍ ലോകകപ്പിനായി എല്ലാ ടീമുകളും പ്രഖ്യാപിച്ചിരിക്കുന്നത് 26 അംഗ ടീമിനെയാണ്. എന്നാല്‍ ഇതിന് മുമ്പ് വരെയുള്ള ലോകകപ്പില്‍ ഒരു ടീമില്‍ അനുവദിച്ചിരിക്കുന്ന താരങ്ങളുടെ എണ്ണം 23 ആയിരുന്നു. കോവിഡ് 19ക്ക് ശേഷം വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്നാണിത്. മൂന്ന് താരങ്ങള്‍ അധികമായി ടീമിലേക്കെത്തുന്നത് കൂടുതല്‍ മികച്ച തന്ത്രം മെനയാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്നു.