ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ 353 കോടിയോളം രൂപ ആദായനികുതി വകുപ്പ് കണ്ടെടുത്തതിനു പിന്നാലെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ കോൺഗ്രസ് പാർട്ടിയുള്ളപ്പോൾ എന്തിനാണ് മണി ഹയ്സ്റ്റ് കാണുന്നത് എന്ന് മോദി പരിഹസിച്ചു. സാമൂഹിക മാധ്യമമായ എക്സിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോദിയുടെ പരിഹാസം.
‘കോൺഗ്രസ് പ്രസന്റ്സ് മണി ഹയ്സ്റ്റ്’ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. ധീരജ് പ്രസാദിന്റെ വീട്ടിൽ നടന്ന പരിശോധനയിൽ കണ്ടെടുത്ത പണവും അതിന് മേൽ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന വീഡിയോയും മോദി പങ്കുവച്ചു.
ഇന്ത്യയിൽ ആർക്കാണ് മണി ഹയ്സ്റ്റ് എന്ന സാങ്കൽപിക കലാസൃഷ്ടിയുടെ ആവശ്യം. എഴുപത് വർഷങ്ങളായ, ഇന്നും തുടരുന്ന ഐതിഹാസിക കൊള്ളയടിയിലൂടെ ഏറെ പ്രശസ്തി നേടിയ കോൺഗ്രസ് പാർട്ടിയുണ്ടല്ലോ ഇവിടെ എന്ന് മോദി എസ്ക് പ്ലാറ്റ് ഫോമിൽ കുറിച്ചു. ബിജെപി തയ്യാറാക്കിയ വീഡിയോ മോദി ഷെയർ ചെയ്യുകയായിരുന്നു.
In India, who needs 'Money Heist' fiction, when you have the Congress Party, whose heists are legendary for 70 years and counting! https://t.co/J70MCA5lcG
— Narendra Modi (@narendramodi) December 12, 2023
ധീരജ് സാഹുവുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിൽ നിന്നായാണ് 100 കോടിയിലധികം രൂപ ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. ഡിസംബർ 6 മുതൽ ഒഡീഷയിലെയും ജാർഖണ്ഡിലെയും സാഹുവിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് പണം കണ്ടെത്തിയത്. 30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും ചേർന്ന് എട്ടിലധികം കൗണ്ടിംഗ് മെഷീനുകളുടെ സഹായത്തോടെയാണ് പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്. പിടിച്ചെടുത്ത പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും രാഷ്ട്രീയ ബന്ധങ്ങൾ ഒഴിവാക്കുന്നില്ലെന്നും ആദായനികുതി ഡയറക്ടർ ജനറൽ സഞ്ജയ് ബഹാദൂർ പറഞ്ഞിരുന്നു.
റെയ്ഡിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ജനങ്ങൾ ഈ പണം കണ്ടതിന് ശേഷം അവരുടെ നേതാക്കളുടെ പ്രസംഗം കേൾക്കണം എന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. ‘പൊതുജനങ്ങളിൽ നിന്ന് എന്ത് കൊള്ളയടിച്ചാലും ഓരോ പൈസയും തിരികെ നൽകേണ്ടിവരും, ഇത് മോദിയുടെ ഉറപ്പാണ്,’ എന്നും പ്രധാനമന്ത്രി കുറിച്ചു. ധീരജ് സാഹു മാത്രമല്ല മറ്റ് നിരവധി കോൺഗ്രസ് എംപിമാരും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് രാജ്യസഭാ എംപി ദീപക് പ്രകാശ് ആരോപിച്ചിരുന്നു.