NationalNews

രാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടുകള്‍ പെട്ടിയില്‍: ദ്രൗപദി മുര്‍മുവിന് മുന്‍തൂക്കം,ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇപ്പോഴും ബാലറ്റ് പെട്ടികള്‍ ഉപയോഗിക്കുന്നത്?

ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ പൗരനെ കണ്ടെത്തുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് നിലവിലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വളരെയേറെ വ്യത്യസ്തമാണെന്ന് എല്ലാവര്‍ക്കുമറിയാം. രാജ്യത്ത് 2004 മുതലുള്ള നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 127 നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ്. എന്നാല്‍ എന്തുകൊണ്ടായിരിക്കും ഇപ്പോഴും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബാലറ്റ് പെട്ടികള്‍ ഉപയോഗിക്കുന്നത്?

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പെട്ടി

ഇന്ത്യയില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മാത്രമല്ല, ഉപരാഷ്ട്രപതി, രാജ്യസഭാംഗങ്ങള്‍, സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കാറില്ല.

ലോക്സഭാ, നിയമസഭാ തുടങ്ങിയ നേരിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ വോട്ടുകളുടെ മൊത്തം എണ്ണത്തെയാണ് പരിഗണിക്കുന്നത്. വോട്ടര്‍മാര്‍ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്തുന്നു. കൂടൂതല്‍ വോട്ടുകള്‍ നേടുന്നയാള്‍ വിജയിക്കും.

എന്നാല്‍ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായം അനുസരിച്ചാണ് ഒറ്റ കൈമാറ്റ വോട്ടിലൂടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടറുടെ മുന്‍ഗണനയാണ് ഇവിടെ പരിഗണിക്കുന്നത്. ഓരോ ഇലക്ടര്‍ക്കും 1,2,3, 4,5 എന്നിങ്ങനെ സ്ഥാനാര്‍ത്ഥികളെ മുന്‍ഗണനാ ക്രമത്തില്‍ അടയാളപ്പെടുത്താം.

ഓരോ വോട്ടറും ഇത്തരത്തില്‍ തങ്ങളുടെ ചോയ്സ് അനുസരിച്ച് ബാലറ്റ് പേപ്പറില്‍ മുന്‍ഗണനാ ക്രമം രേഖപ്പെടുത്തും. ഇനി ടെക്നോളജി ഉപയോഗിക്കണമെങ്കില്‍ തന്നെ നിലവിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ പരിഷ്‌കരണം നടത്തേണ്ടി വരും.

സ്വന്തം പേന ഉപയോഗിച്ചാല്‍ വോട്ട് അസാധു

എന്‍.ഡി.എയുടെ ദ്രൗപതി മുര്‍മുവും പ്രതിപക്ഷ പിന്തുണയുള്ള യശ്വന്ത് സിന്‍ഹയുമാണ് ഇത്തവണ സ്ഥാനാര്‍ത്ഥികള്‍. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ക്ക് പാര്‍ലമെന്റും എം.എല്‍.എമാര്‍ക്ക് നിയമസഭകളുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍. മുന്‍കൂര്‍ അനുമതിയോടെ കേന്ദ്രങ്ങള്‍ മാറ്റാനാകും.

രഹസ്യ വോട്ടെടുപ്പായതിനാല്‍ തന്നെ ബാലറ്റ് പ്രദര്‍ശിപ്പിച്ചാല്‍ അസാധുവാകും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്വന്തം പേന ഉപയോഗിക്കാന്‍ അനുവാദമില്ല. വോട്ട് രേഖപ്പെടുത്തുന്നതിന് പേന വോട്ടെടുപ്പ് അധികാരിയില്‍ നിന്ന് ലഭിക്കും. അംഗങ്ങള്‍ സ്വന്തം പേന ഉപയോഗിച്ചാല്‍ വോട്ട് അസാധുവാകും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍

? നാമനിര്‍ദ്ദേശ പത്രികസമര്‍പ്പണം ഡല്‍ഹിയില്‍

? 50 ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ നിര്‍ദ്ദേശിക്കണം, 50 പേര്‍ പിന്താങ്ങണം

? രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിപ്പ് നല്‍കാനാവില്ല

? കോഴ, സ്വാധീനിക്കല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്താല്‍ തിരഞ്ഞെടുപ്പ് റദ്ദാകും

? കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കും

? പ്ലാസ്റ്റിക്കില്ല, പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം

? ഇലക്ടറല്‍ കോളേജ്:

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍

നിയമസഭാംഗങ്ങള്‍

? വോട്ടവകാശമില്ലാത്തവര്‍: നോമിനേറ്റഡ് അംഗങ്ങള്‍, എം.എല്‍.സിമാര്‍

? എം.പിമാര്‍- 776

എം.എല്‍.എമാര്‍- 4,033

? വോട്ട് മൂല്യം:

എം.പിമാര്‍- 5,43,200,

എം.എല്‍.എമാര്‍- 5,43,231

ആകെ മൂല്യം- 10,86,431

? 2017ല്‍ രാംനാഥ് കോവിന്ദിന് ലഭിച്ച വോട്ട്: 65.65 %

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍

1982 മേയില്‍ കേരളത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ.വി.എം) ആദ്യമായി ഉപയോഗിച്ചത്. എന്നാല്‍ ഉപയോഗം സംബന്ധിച്ച് ഒരു പ്രത്യേക നിയമത്തിന്റെ അഭാവമുണ്ടായിരുന്നതിനാല്‍ സുപ്രീം കോടതി ആ തിരഞ്ഞെടുപ്പ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. 1989-ല്‍ പാര്‍ലമെന്റ്, 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് തിരഞ്ഞെടുപ്പില്‍ ഇ.വി.എം ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥ രൂപകല്‍പന ചെയ്തു.

1998-ല്‍ മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലായി 25 നിയമസഭാ മണ്ഡലങ്ങളില്‍ ഇവ ഉപയോഗിച്ചു. 2001 തമിഴ്നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇ.വി.എം ഉപയോഗിച്ചു.

പിന്നീട് നടന്ന എല്ലാ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇ.വി.എമ്മുകള്‍ ഉപയോഗിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടു. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലായി10 ലക്ഷത്തിലധികം ഇവിഎമ്മുകള്‍ ഉപയോഗിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.

മുര്‍മുവും സിന്‍ഹയും നേര്‍ക്കുനേര്‍, വിജയമുറപ്പിച്ച് മുര്‍മു

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. ഡല്‍ഹിയില്‍ പോളിംഗ് ബൂത്തായി നിശ്ചയിച്ച പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനങ്ങളില്‍ നിയമസഭകളിലും വോട്ടെടുപ്പ് നടക്കും. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.

ദ്രൗപദി മുര്‍മു 60 ശതമാനത്തിലധികം വോട്ടുകള്‍ ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം. ആകെയുള്ള 10,86,431 വോട്ടു മൂല്യത്തില്‍ ദ്രൗപദി മുര്‍മുവിന് 6.6 ലക്ഷത്തിലധികം വോട്ടുകള്‍ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. ജൂലായ് 21നാണ് വോട്ടെണ്ണല്‍.

കോണ്‍ഗ്രസ് സഖ്യകക്ഷികളായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന തുടങ്ങിയ കക്ഷികളും പ്രതിപക്ഷത്ത് സമാജ്വാദി പാര്‍ട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഓം പ്രകാശ് രാജ് ഭറിന്റെ സുഹല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും, അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ്വാദി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ദ്രൗപദി മുര്‍മുവിന് 6,60,000 വോട്ടുകള്‍ ലഭിച്ചേക്കുമെന്ന് ഉറപ്പിച്ചത്.

38 പാര്‍ട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുമ്പോഴുണ്ടായിരുന്ന പിന്തുണ ഇപ്പോഴില്ല. എ.എ.പി പിന്തുണയാണ് അവസാന മണിക്കൂറുകളിലെ ആശ്വാസം. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ നഷ്ടമാകുകയും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളിലേക്ക് വരേണ്ടതില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കുകയും ചെയ്തതോടെ പരമാവധി വോട്ട് പിടിക്കാനുള്ള നീക്കം മാത്രമാണ് നടക്കുന്നത്. ഛത്തീസ്ഗഡ്, ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത് യശ്വന്ത് സിന്‍ഹയ്ക്ക് റദ്ദാക്കേണ്ടി വന്നു.

കേരള നിയമസഭയിലെ ഒരു വോട്ട് മുര്‍മുവിന്

ഇന്ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ രേഖപ്പെടുത്തുന്ന ഒരു വോട്ട് ബി ജെ പി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനായിരിക്കും. ഉത്തര്‍പ്രദേശിലെ എന്‍ ഡി എ എം എല്‍ എ നീല്‍രത്തന്‍ സിംഗാണ് ഇവിടെ ദ്രൗപതി മുര്‍മുവിന് വോട്ടു ചെയ്യുന്നത്. ചികിത്സയ്ക്കായി പാലക്കാട്ടെത്തിയതാണ് അദ്ദേഹം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ അനുമതിയോടെ ഇന്ത്യയിലെവിടെയും വോട്ട് ചെയ്യാം.

നീല്‍രത്തന്‍ സിംഗിന്റെ വോട്ട് കേരളത്തിലെ കണക്കില്‍ ഉള്‍പ്പെടില്ല. യുപിയിലെ കണക്കിലാകും വോട്ട് എണ്ണുക. തിരുനല്‍വേലി എം പി ജ്ഞാനതിരവിയം കേരള നിയമസഭിലാണ് വോട്ട് ചെയ്യാന്‍ എത്തുന്നത്. ഡി എം കെ അംഗമായ അദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയിലാണ്. ഡി എം കെ യശ്വന്ത് സിന്‍ഹയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ 140 നിയമസഭാംഗങ്ങളും ഇവിടെ വോട്ടു ചെയ്യും. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ കോണ്‍ഗ്രസും ഇടതുപക്ഷവും പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ വോട്ടും അദ്ദേഹത്തിനു ലഭിക്കാം.

എച്ച്.ഡി ദേവഗൗഡയുടെ ജനതാദള്‍ എസ് ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നുവെങ്കിലും കേരളത്തിലെ ജനതാദള്‍ അംഗങ്ങളായ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ മാത്യു ടി തോമസും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്നാണു കരുതുന്നത്. ഇരുവരും ഇവിടെ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗങ്ങളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button