ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തിലുള്ള അവിശ്വാസ പ്രമേയത്തിനുള്ള മറുപടിപ്രസംഗത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന് മറ്റുള്ളവരെ ‘അനുഗ്രഹി’ക്കാനുള്ള നിഗൂഢമായ കഴിവുണ്ടെന്നും അവര്‍ ആരെ ശപിക്കുന്നുവോ അവര്‍ക്ക് വലിയ അഭിവൃദ്ധി ഉണ്ടാകുമെന്നും താന്‍ തന്നെ അതിന് ഉദാഹരണമാണെന്നും മോദി പറഞ്ഞു.
“പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അതിജീവിച്ച്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് അതിന്റെ സര്‍വകാലറെക്കോഡ് വരുമാനം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ പണം നഷ്ടപ്പെടുത്തുമെന്നുള്‍പ്പെടെ എല്‍ഐസിയെ കുറിച്ച് പ്രതിപക്ഷം പലതും പറഞ്ഞു. എന്നാല്‍ എല്‍ഐസി ദിനംപ്രതി കരുത്താര്‍ജിക്കുകയാണ്”, പ്രധാനമന്ത്രി ഉദാഹരണങ്ങള്‍ നിരത്തി.
പൊതുമേഖലാസ്ഥാപനങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളേയും പ്രധാനമന്ത്രി പരിഹസിച്ചു. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കമ്പനിയെ പ്രതിപക്ഷം പഴിക്കുന്നുവെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ആത്മവിശ്വാസത്തോടെ ആ കമ്പനിയുടെ ഷെയറുകള്‍ സ്വന്തമാക്കാമെന്നും ആ ഷെയറുകളിലൂടെ അവര്‍ക്ക് ധനികരാകാമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മോദി ഉറപ്പു നൽകി. കലാപത്തിന് വഴി വെച്ചത് ഹൈക്കോടതി ഉത്തരവാണ്. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുമെന്നും മോദി വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഒന്നരമണിക്കൂറോളം സമയം കലാപത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കേന്ദ്രത്തിന്‍റെ മികവിനെ കുറിച്ചും കോൺഗ്രസിനെയും പ്രതിപക്ഷത്തെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ചും മാത്രം ആദ്യ മണിക്കൂറുകളിൽ സംസാരിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയിൽ മുദ്രാവാക്യം വിളികളുയര്‍ത്തി.
മണിപ്പൂരിനെ കുറിച്ച് പറയൂവെന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് മണിപ്പൂരിനെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇതിന് ശേഷമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപോകുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി പ്രതിപക്ഷം മണിപ്പൂർ ചർച്ച അട്ടിമറിച്ചുവെന്നും ആരോപിച്ചു.
പിന്നാലെ മണിപ്പൂര്‍ വിഷയത്തിന്മേൽ സംസാരിച്ച് തുടങ്ങിയ പ്രധാനമന്ത്രി, മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം ഉണ്ടായെന്ന് സഭയിൽ സമ്മതിച്ചു. അമിത് ഷാ ഇന്നലെ സഭയിൽ നടത്തിയ വിശദീകരണത്തിന് സമാനമായ രീതിയിൽ ഹൈക്കോടതി ഉത്തരവാണ് കലാപത്തിന് വഴിവെച്ചതെന്നാണ് മോദിയുടെയും വിശദീകരണം. കേന്ദ്രവും സംസ്ഥാനവും മണിപ്പൂര്‍ വിഷയത്തിൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.