ബീജിംഗ്: ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നല്ല കൊവിഡ് പടര്‍ന്നതെന്ന പഠന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. വവ്വാലുകളില്‍ നിന്നും മറ്റേതോ മൃഗം വഴിയാണ് മനുഷ്യനില്‍ രോഗമെത്തിയതെന്ന അനുമാനമാണ് ലോകാരോഗ്യ സംഘടനയ്ക്കുളളത്.
ലാബില്‍ നിന്നും അബദ്ധത്തില്‍ വൈറസ് പുറത്തുവരാനുളള സാദ്ധ്യത വളരെ വിരളമാണെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോകാരോഗ്യ സംഘടനയുടെ ഈ കണ്ടെത്തല്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് പല വിദഗ്ദ്ധരും പറയുന്നത്. ലാബില്‍ നിന്നാണ് രോഗം പടര്‍ന്നുപിടിച്ചതിനെ ചുറ്റിപറ്റിയുളള പല സംശയങ്ങള്‍ക്കും റിപ്പോര്‍ട്ടില്‍ പക്ഷെ മറുപടിയില്ല.
വുഹാനിലെ പരീക്ഷണശാലയില്‍ നിന്ന് രോഗം ഉദ്ഭവിച്ചു എന്ന വാദത്തിനൊഴിച്ച് സംശയമുളള മറ്റ് മേഖലകളിലെല്ലാം വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ലോകരാജ്യങ്ങള്‍ കൊവിഡിന്റെ പേരില്‍ ചൈനയെ പഴി പറയുന്നത് ഒഴിവാക്കാനുളള ശ്രമമാണോ എന്ന് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അടുത്തയാഴ്ചയോടെ തയ്യാറാകുമെന്ന് സംഘടന അംഗങ്ങള്‍ അനൗദ്യോഗികമായി സൂചിപ്പിക്കുന്നു. ഔദ്യോഗിക റിപ്പോര്‍ട്ടില്‍ മാറ്റങ്ങളുണ്ടാകാനുളള സാദ്ധ്യതയെ കുറിച്ച് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.