കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിഴലായി തുടരുന്ന വി.ഐ.പി.യുടെ കൈയിലും ദൃശ്യങ്ങളുടെ പകർപ്പുള്ളതായി അന്വേഷണ സംഘത്തിന് സംശയം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് കൈമാറുന്നതിനിടെ വി.ഐ.പി. പകർപ്പ് സൂക്ഷിച്ചു കാണുമെന്നാണ് കരുതുന്നത്.
സുനി പകർത്തിയ ദൃശ്യങ്ങൾ വി.ഐ.പി.ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങൾ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി. വന്നുവെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്.
ഒന്നാം പ്രതി പൾസർ സുനി ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ ഓടയിൽ ഉപേക്ഷിച്ചുവെന്നാണ് ആദ്യം മൊഴി നൽകിയത്. എന്നാൽ, പിന്നീട് ഈ ഫോൺ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നൽകി. ദൃശ്യങ്ങൾ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കിയാണ് പിന്നീട് കൈമാറ്റങ്ങൾ നടന്നത്.ഇതിന്റെയടിസ്ഥാനത്തിൽ ദൃശ്യങ്ങളുടെ പകർപ്പുകൾ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വി.ഐ.പി.ക്കായുള്ള അന്വേഷണവും ശക്തമാക്കി. വി.ഐ.പി.യെ കണ്ടെത്തുന്നതോടെ കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ദൃശ്യങ്ങൾ കണ്ടെത്താൻ ഉപകരിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പൾസർ സുനി വി.ഐ.പി.യെ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. എന്നാൽ, സുനി വി.ഐ.പി.യുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിൽ ആളെ കണ്ടെത്തുന്നതിനായി മറ്റു മാർഗങ്ങൾ അന്വേഷണ സംഘം ഉപയോഗിക്കും. കേസിലെ പ്രതികളുമായി അടുപ്പമുള്ളവരുടെ പട്ടികയുണ്ടാക്കുകയാണ് ഇതിൽ പ്രധാനം. ഇതിൽ സംശയമുള്ളവരുടെ മുഴുവൻ ചിത്രങ്ങൾ സംഘടിപ്പിച്ച ശേഷം ബാലചന്ദ്ര കുമാറിനെ കാണിച്ച് വി.ഐ.പി.യെ കണ്ടെത്താനാകും ശ്രമം.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. എറണാകുളം മജിസ്ട്രേട്ട് രണ്ടാം കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 1.30-നു തുടങ്ങിയ മൊഴി രേഖപ്പെടുത്തൽ രാത്രി വൈകിയും തുടർന്നു. ദിലീപിനെതിരേ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ റിപ്പോർട്ട് ഈ മാസം 20-ന് നൽകണമെന്ന് വിചാരണക്കോടതി നിർദേശിച്ചിട്ടുണ്ട്. പൾസർ സുനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നുമെല്ലാം ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിരുന്നു. ഈ ആരോപണങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്.